india

ഛത്തീസ്ഗഢില്‍ റെയില്‍ അപകടം: മരണം പതിനൊന്നായി, 20ഓളം പേര്‍ക്ക് പരിക്ക്

By webdesk17

November 05, 2025

ബിലാസ്പൂര്‍ (ഛത്തീസ്ഗഢ്): ബിലാസ്പൂരില്‍ പാസഞ്ചര്‍ ട്രെയിന്‍ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ റെയില്‍ അപകടത്തില്‍ 11 പേര്‍ മരിച്ചു, 20ഓളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അപകടത്തില്‍ പാസഞ്ചര്‍ ട്രെയിനിന്റെ മുന്നിലെ കോച്ചുകള്‍ തകര്‍ന്ന നിലയിലാണ് കണ്ടെത്തിയത്.

മെമു പാസഞ്ചര്‍ ട്രെയിന്‍, അയല്‍ ജില്ലയായ കോര്‍ബയിലെ ഗേവ്‌റയില്‍ നിന്ന് ബിലാസ്പൂരിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ദുരന്തം. മുന്നോട്ട് പോകുകയായിരുന്ന ഗുഡ്സ് ട്രെയിനിന്റെ പിന്നാലെ ഇടിച്ചുകയറുകയായിരുന്നു മെമു ട്രെയിന്‍. ഗതോറബിലാസ്പൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് അപകടം ഉണ്ടായത്.

പ്രാഥമിക നിഗമനപ്രകാരം, ലോക്കോ പൈലറ്റ് അപകട മുന്നറിയിപ്പായ റെഡ് സിഗ്‌നല്‍ മറികടന്നതാണ് അപകടത്തിന് കാരണമെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ മരിച്ചവരില്‍ പാസഞ്ചര്‍ ട്രെയിനിന്റെ ആദ്യത്തെ മൂന്ന് കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരാണ് കൂടുതലും.

അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി റെയില്‍വേ സേഫ്റ്റി കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം, ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 5 ലക്ഷം, നിസ്സാര പരിക്കേറ്റവര്‍ക്ക് 1 ലക്ഷം വീതം ധനസഹായം റെയില്‍വേ വകുപ്പ് പ്രഖ്യാപിച്ചു.