തിരുവനന്തപുരം: സംസ്ഥാനത്ത് തകര്‍ത്തു പെയ്തു കൊണ്ടിരുന്ന മഴയുടെ ശക്തി ഇന്നു മുതല്‍ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ യെലോ അലര്‍ട്ട് തുടരും.

അതേസമയം ഷോളയാര്‍, കല്ലാര്‍കുട്ടി, കുണ്ടള, പെരിങ്ങല്‍ക്കുത്ത്, ലോവര്‍ പെരിയാര്‍, മൂഴിയാര്‍, പൊന്മുടി, ഇരട്ടയാര്‍, ബാണാസുര ഡാമുകളില്‍ ജലനിരപ്പ് അപകട നിലയില്‍ ഉയര്‍ന്നതിനാല്‍ റെഡ് അലെര്‍ട്ട് തുടരുകയാണ്.

മഴയുടെ ശക്തി കുറഞ്ഞൈങ്കിലും അറബിക്കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യ തൊഴിലാളികള്‍ക്ക്് ഇന്നും കടലില്‍ പോകാന്‍ അനുമതിയില്ല. കൊല്ലം അഴീക്കലില്‍ വിലക്കു ലംഘിച്ച് മീന്‍ പിടിക്കാന്‍ പോയ ബോട്ട് ഇന്നു രാവിലെ തകര്‍ന്ന് ഒരാള്‍ മരിച്ചിട്ടുണ്ട്. ഒരാളെ കാണാതായി. ആകെ അഞ്ചു പേരുണ്ടായിരുന്ന ബോട്ടിലെ മൂന്നു പേര്‍ നീന്തി രക്ഷപ്പെട്ടു. ശ്രായിക്കാട് സ്വദേശി സുധന്‍ ആണ് മരിച്ചത്. ബോട്ടിന്റെ ഉടമ അശോകനു വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു.