തിരുവനന്തപുരം: ടൗട്ടേ ചുഴലിക്കാറ്റിന്റെ ഫലമായി സംസ്ഥാനത്ത് തിങ്കളാഴ്ച വരെ അതിതീവ്രമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. തെക്കന്‍ ജില്ലകളും പാലക്കാടും ഒഴികെ മറ്റെല്ലാ ജില്ലകളിലും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എട്ടു ജില്ലകളിലാണ് അതീവ ജാഗ്രതാനിര്‍ദേശം നല്‍കിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കടലാക്രമണം, ശക്തമായ ഇടിമിന്നല്‍ തുടങ്ങിയ അപകട സാധ്യതകള്‍ മുന്‍കൂട്ടി കണ്ട് ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലില്‍ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂര്‍ണ്ണ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നാളെയും ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം.

അറബിക്കടലില്‍ രൂപംകൊണ്ട ചുഴലിക്കാറ്റ് അതിശക്ത ചുഴലിക്കാറ്റായി മാറി. അടുത്ത 24 മണിക്കൂറിനുള്ളില്‍ അതിശക്ത ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിക്കുമെന്നാണ് പ്രവചനം. ഗോവയ്ക്ക് സമീപം എത്തിയ ചുഴലിക്കാറ്റ് നാളെ ഗുജറാത്ത് തീരത്ത് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മെയ് 18 രാവിലെ പോര്‍ബന്ദര്‍, മഹുവ തീരങ്ങള്‍ക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തില്‍ ശക്തമായ മഴ തുടരുകയാണ്.

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുണ്ട്.