kerala

കേരളത്തില്‍ മഴ മുന്നറിയിപ്പ്; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

By webdesk18

October 13, 2025

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. രാവിലെ പുറപ്പെട്ട മുന്നറിയിപ്പില്‍ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ മാത്രമായിരുന്നു ജാഗ്രതാനിര്‍ദേശം. എന്നാല്‍ പുതുക്കിയ മുന്നറിയിപ്പ് അനുസരിച്ച്, പാലക്കാടും മലപ്പുറം ഉള്‍പ്പെടെ ആകെ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്. തെക്കുകിഴക്കന്‍ അറബിക്കടലിനും അതിനോട് ചേര്‍ന്ന വടക്കന്‍ കേരള തീരത്തിനുമുകളിലാണ് ചക്രവാതച്ചുഴി നിലവിലുള്ളത്. ഇതിന്റെ പ്രഭാവം അടുത്ത ദിവസങ്ങളിലും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ്. ബുധനാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ മഴയ്ക്ക് സാധ്യത.

വ്യാഴം, വെള്ളി ദിവസങ്ങളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ പ്രവചിച്ചിട്ടുണ്ട്.

ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത മഴയ്ക്കുള്ള സാധ്യതയെ തുടര്‍ന്ന് നദീതീര, മലപ്രദേശങ്ങളിലായുള്ള ജനങ്ങള്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.