സംസ്ഥാനത്ത് മഴ തുടരും. അറബിക്കടലിലേയും ബംഗാള്‍ ഉള്‍ക്കടലിലേയും തീവ്രന്യൂനമര്‍ദത്തെുടര്‍ന്ന് ഞായറാഴ്ചവരെ മഴ തുടരാന്‍ സാധ്യത. മിന്നലോടുകൂടിയ മഴക്കും മണിക്കൂറില്‍ 40 – 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്.
അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്? ജില്ലകളില്‍ വെള്ളിയാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യതയുള്ള തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കേരള- കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ തിങ്കളാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശപ്രകാരം മാറി താമസിക്കണം. നദീതീരങ്ങള്‍, അണക്കെട്ടുകളുടെ താഴെയുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ കഴിയുന്നവരും നിര്‍ദേശമനുസരിച്ച് മാറണം. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ദുരന്തസാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകള്‍ തുറന്നു എന്നുറപ്പാക്കേണ്ടതും പകല്‍ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.
മഴ ശക്തമാകുന്ന അവസരങ്ങളില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകള്‍ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂര്‍ണമായി ഒഴിവാക്കേണ്ടതാണ്.