കോഴിക്കോട്: മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അടിയന്തിര യോഗം കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലാ കലക്ടര്‍ അധ്യക്ഷനായ യോഗത്തില്‍ അപകടങ്ങളില്‍ വേഗത്തില്‍ നടപടിയെടുക്കുന്നതിനായി വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജില്ലാ, താലൂക്ക് തലത്തില്‍ ദ്രുതപ്രതികരണ സംഘം (ഇന്‍സിഡന്റ് റസ്‌പോണ്‍സ് ടീമിനെയും) രൂപീകരിച്ചു . ജില്ലാ കളക്ടര്‍, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍, അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍, പോലീസ്, ഗതാഗതം, ഫയര്‍ഫോഴ്‌സ് , ആരോഗ്യം, വിവര പൊതുജനസമ്പര്‍ക്കം, ജില്ലാ എമര്‍ജന്‍സി ഓപറേഷന്‍ സെന്റര്‍ തുടങ്ങിയ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരാണ് ജില്ലാതല ദ്രുതപ്രതികരണ സംഘത്തിലുള്ളത്.
ഡെപ്യൂട്ടി കളക്ടര്‍, തഹസില്‍ദാര്‍, ബി.ഡി.ഒ, പൊലീസ്, ഗതാഗതം, ആരോഗ്യം, ഫയര്‍ഫോഴ്‌സ്, റവന്യു തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് താലൂക്കുതല ദ്രുതപ്രതികരണ സംഘത്തിലുണ്ടാവുക. മഴക്കാല മുന്നൊരുക്ക ദുരന്ത പ്രതികരണ മാര്‍ഗരേഖ പ്രകാരം ഓരോ വകുപ്പും നടപ്പാക്കേണ്ട ചുമതലകള്‍ യോഗത്തില്‍ വിശദീകരിച്ചു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാ വകുപ്പില്‍ നിന്നും ഒരു നോഡല്‍ ഓഫീസറെ നിയമിച്ചിട്ടുണ്ട്. ഇതുവഴി അപകടങ്ങള്‍ ഉണ്ടായാല്‍ വകുപ്പുകള്‍ ഏകോപിപ്പിച്ച് അവശ്യസമയത്ത് സുരക്ഷയും സഹായവും ജനങ്ങളില്‍ എത്തിക്കുന്നതിന് എളുപ്പമാകും. മഴക്കാലത്തുണ്ടായേക്കാവുന്ന അപകടങ്ങള്‍ കണക്കിലെടുത്ത് സ്വകാര്യഭൂമിയിലുളള അപകടകരമായ മരങ്ങളും മരച്ചില്ലകളും കണ്ടെത്തി മുറിച്ചു മാറ്റുന്നതിനും യോഗം നിര്‍ദേശം നല്‍കി. ഈ നിര്‍ദേശം അനുസരിക്കാത്ത വ്യക്തികള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കുമായിരിക്കും അവരവരുടെ ഭൂമിയിലുള്ള മരം വീണ് ഉണ്ടാകുന്ന എല്ലാ അപകടങ്ങള്‍ക്കും നഷ്ട പരിഹാരം നല്‍കാന്‍ ബാധ്യത. കൂടാതെ പരസ്യ ഹോര്‍ഡിംഗുകളുടെ ബലം പരിശോധിച്ച് അപകടത്തിന് ഇടയാക്കില്ലെന്ന കാര്യം ഉറപ്പുവരുത്തുന്നതിനു പരസ്യസ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കി. ഇവ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന കാര്യം ഉറപ്പാക്കാന്‍ വില്ലേജ് എ.ഇ മാരെയും പഞ്ചായത്ത് സെക്രട്ടറിമാരെയും ചുമതലപ്പെടുത്തി.
വകുപ്പുകളുടെയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും കൈവശം ഉള്ള ഭൂമിയില്‍ അപകടകരങ്ങളായ മരങ്ങളും മരച്ചില്ലകളും മുറിച്ചു മാറ്റാനും നിര്‍ദേശം നല്‍കി. ഇതിനായി വകുപ്പുകള്‍ സ്വന്തമായി പണം കണ്ടെത്തണം. മുറിക്കുവാനുള്ള അനുമതി നല്കുന്നതിന് പ്രാദേശികമായി അതത് തദ്ദേശസ്വയംഭരണസ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫീസര്‍, പ്രദേശത്തെ വനംറേഞ്ച് ഓഫീസര്‍ എന്നിവര്‍ അടങ്ങുന്ന സമിതിയെ ചുമതലപ്പെടുത്തി. ഈ സമിതിയുടെ ശുപാര്‍ശക്ക് വിധേയമായി അടിയന്തിരമായി മുറിക്കേണ്ട മരങ്ങള്‍ മുറിക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ തീരുമാനം കൈക്കൊള്ളും. നിര്‍ദേശം അനുസരിക്കാത്ത വകുപ്പുകള്‍ക്കായിരിക്കും മരം വീണുണ്ടാകുന്ന എല്ലാ അപകടങ്ങള്‍ക്കും നഷ്ട പരിഹാരം നല്‍കാന്‍ ബാധ്യത.
അടിയന്തിരമല്ലാത്ത സാഹചര്യത്തില്‍ വനം വകുപ്പിന്റെ പ്രാദേശിക ട്രീ കമ്മിറ്റിയുടെ അനുമതിക്ക് ശേഷം മാത്രമെ മരം മുറിക്കാന്‍ പാടുള്ളൂ. ജില്ലയിലെ മഴയും ജലവും അണക്കെട്ടിലെ ജലവും സംബന്ധിച്ച വിവരങ്ങള്‍ ക്രോഡീകരിച്ച് അതതു ദിവസം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കണം. പുഴയിലെയും അണക്കെട്ടുകളിലെയും ജലനിരപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടോ എന്ന് നിരീക്ഷിച്ച് വെള്ളപ്പൊക്ക സാധ്യത ജില്ലാ അതോറിറ്റിയെ അറിയിക്കുകയും വേണം.