റായ്പൂര്‍: റായ്പൂര്‍ സെന്‍ട്രെല്‍ ജയിലില്‍ നിന്നുള്ള മയക്കുമരുന്ന് കേസിലെ വിചാരണ തടവുകാരന്‍ റാഷിദ് അലി ബൈജാറിന്റെ വര്‍ക്ക്ഔട്ട് വീഡിയോയും സെല്‍ഫികളും സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഒക്ടോബര്‍ 13നും 15നും ഇടയില്‍ ജയിലിലെ 15-ാം ബാരക്കില്‍ വ്യായാമം ചെയ്യുന്നതാണ് ദൃശ്യങ്ങള്‍. കുപ്രസിദ്ധ കുറ്റവാളികളായ രോഹിത് യാദവിനും രാഹുല്‍ വാല്‍മീകിക്കുമൊപ്പമുള്ള സെല്‍ഫികളും പുറത്തു വന്നു. സംഭവം പുറത്തുവന്നതോടെ ജയിലിലെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി ആഭ്യന്തര അന്വേഷണം ആരംഭിച്ചു. വിചാരണത്തടവുകാരനായ ശശാങ്ക് ചോപ്ര ജയിലിലേക്ക് മൊബൈല്‍ ഫോണ്‍ കടത്തിയതാണെന്ന് കണ്ടെത്തി. അതുപയോഗിച്ച് റാഷിദ് അലി വീഡിയോകളും സെല്‍ഫികളും പകര്‍ത്തിതായി അന്വേഷണം സ്ഥിരീകരിച്ചു. സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് ഡ്യൂട്ടി ഗാര്‍ഡുകളായ രാധേലാല്‍ ഖുണ്ടെയും ബിപിന്‍ ഖല്‍ഖോയെയും പുറത്താക്കി. അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ട് സന്ദൂപ് കശ്യപിനെ സസ്പെന്‍ഡ് ചെയ്തു. എന്‍.ഡി.പി.എസ്. നിയമപ്രകാരം മയക്കുമരുന്ന് ശൃംഖല നടത്തിയതിനും ജയിലിനുള്ളില്‍ നിന്ന് പണം തട്ടിയെടുത്തതിനും റാഷിദ് അലിയെ കഴിഞ്ഞ ജുലൈയില്‍ അറസ്റ്റ് ചെയ്തിരുന്നു. ജയില്‍ ജീവനക്കാരില്‍ ചിലര്‍ ഇയാളെ സഹായിച്ചിട്ടുണ്ടാകാമെന്ന സംശയവും ഉണ്ട്. മുമ്പും ഇത്തരം സംഭവങ്ങളിലൂടെ റായ്പൂര്‍ സെന്‍ട്രെല്‍ ജയില്‍ വിവാദത്തില്‍ പെട്ടിട്ടുണ്ട്. ഗുണ്ടാ നേതാവ് അമന്‍ സോ ജയിലിനുള്ളില്‍ നടത്തിയ ഫോട്ടോഷൂട്ട് മുമ്പ് വൈറലായിരുന്നുവെന്നും പിന്നീട് പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.