india

ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തണമെന്ന് രാജ്ഭവന്‍; പറ്റില്ലെന്ന് കൃഷിവകുപ്പ്

By webdesk17

June 05, 2025

പരിസ്ഥിതി പരിപാടിയില്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. എന്നാല്‍ ആവശ്യം തള്ളി കൃഷിവകുപ്പ്. ഇതോടെ കൃഷിവകുപ്പിന്റെ പരിപാടി രാജ്ഭവനില്‍ നിന്ന് സെക്രട്ടറിയേറ്റിലേക്ക് മാറ്റി. ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്താന്‍ പറ്റില്ലെന്ന് കൃഷിമന്ത്രി പി.പ്രസാദ് രാജ്ഭവനെ അറിയിച്ചു.

ആര്‍എസ്എസിന്റെ കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ചന വേണമെന്ന് ഗവര്‍ണര്‍ നിര്‍ബന്ധം പിടിച്ചിരുന്നെന്നും ശേഷം മറ്റ് പരിപാടിയിലേക്ക് കടക്കാന്‍ കഴിയൂവെന്നും രാജ്ഭവന്‍ പറഞ്ഞതായി കൃഷിവകുപ്പ് അറിയിച്ചു.

എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ കഴിയാത്തതിനാല്‍ പരിപാടി സെക്രട്ടറിയേറ്റിലേക്ക് മാറ്റിയതായി കൃഷിവകുപ്പ് പറഞ്ഞു. അതേസമയം സംഭവത്തില്‍ രാജ്ഭവനില്‍ നടക്കുന്ന പരിപാടിയില്‍ എന്തുവേണമെന്ന് രാജ്ഭവന്‍ തീരുമാനിക്കുമെന്നാണ് ഗവര്‍ണറുടെ നിലപാട്.

സാധാരണ രീതിയിലെ ഭാരത മാതാവിന്റെ ചിത്രമാണെങ്കില്‍ തങ്ങള്‍ക്ക് പ്രയാസമില്ലെന്നും എന്നാല്‍ ബാഹ്യ ശക്തികള്‍ രാജ്ഭവനെ നിയന്ത്രിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അപകടകരമായ അവസ്ഥയാണെന്നും മന്ത്രി പറഞ്ഞു.

ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ആവശ്യപ്പെട്ടിരുന്നു. ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുക സാധ്യമല്ലെന്ന് കൃഷിമന്ത്രി പി. പ്രസാദ് രാജ്ഭവനെ അറിയിച്ചു. വേദിയില്‍നിന്ന് ചിത്രം മാറ്റണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ആവശ്യം ഗവര്‍ണര്‍ തള്ളി.

ചിത്രം ഒഴിവാക്കാനാകില്ലെന്ന് രാജ്ഭവന്‍ അറിയിച്ചതോടെയാണ് രാജ്ഭവനില്‍നിന്ന് കൃഷിവകുപ്പിന്റെ പരിപാടി ദര്‍ബാര്‍ ഹാളിലേക്ക് മാറ്റിയത്.

ആര്‍എസ്എസ് ആചരിക്കുന്ന രീതിയില്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തണമെന്നും ദീപം തെളിയിക്കണമെന്നുമായിരുന്നു രാജ്ഭവന്‍ നിര്‍ബന്ധം പിടിച്ചത്.