നരേന്ദ്ര മോദിക്കും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ. മോദിയും അമിത് ഷായും സൈന്യത്തെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണെന്നും ഇരുവരും രാജ്യത്തിന് ഭീഷണിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പുല്‍വാമ ഭീകരാക്രമണത്തെ ഉപയോഗിച്ച് വരെ ഇവര്‍ രാഷ്ട്രിയം കളിക്കുകയാണ് സൈന്യം രാജ്യത്തിന് കാവല്‍ നില്‍ക്കുമ്പോളാണ് ഇവരുടെ രാഷ്ട്രീയ മുതലെടുപ്പെന്നും താക്കറെ പറഞ്ഞു

കശ്മീര്‍ വിഷയം മുതല്‍ ആധാര്‍ കാര്‍ഡ് വരെയുള്ള കാര്യങ്ങളിലുണ്ടായ പ്രധാനമന്ത്രിയുടെ മലക്കം മറിച്ചിലുകള്‍ മോദിയെ ഫേക്കു ആക്കിയെന്നെന്നും അദ്ദേഹം പരിഹസിച്ചു. ഫേക്കു എന്ന് ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്താല്‍ നിങ്ങള്‍ക്ക് മോദിയുടെ ചിത്രമാണ് ലഭിക്കുക എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസം. പാകിസ്താനിലേക്ക് ലവ് ലെറ്റര്‍ അയക്കുന്നവന്‍ എന്ന് മന്‍മോഹന്‍ സിങിനെ പരിഹസിച്ച മോദി, ക്ഷണിക്കാതെ പാകിസ്താനില്‍ പോയി കേക്ക് കഴിച്ച വ്യക്തിയാണെന്നും രാജ് ചൂണ്ടിക്കാട്ടി.