india

കോച്ചിങ് സെന്ററിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളെ ബോര്‍ഡ് പരീക്ഷ എഴുതാന്‍ അനുവദിക്കരുതെന്ന് രാജസ്ഥാന്‍ ഹൈക്കോടതി

By webdesk17

September 20, 2025

ജയ്പൂര്‍: ക്ലാസില്‍ ഹാജരാകാതെ കോച്ചിങ് സെന്ററുകളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളെ ബോര്‍ഡ് പരീക്ഷകളില്‍ പങ്കെടുക്കാന്‍ അനുവദിക്കരുതെന്ന് രാജസ്ഥാനിലെ ഹൈക്കോടതി നിര്‍ദേശിച്ചു. ഒമ്പത് മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ ഹാജരാകുന്നതായും ഉറപ്പാക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ)ക്കും രാജസ്ഥാനിലെ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (ആര്‍ബിഎസ്ഇ)ക്കും കോടതി ആവശ്യപ്പെട്ടു.

‘എല്ലാ സ്‌കൂളുകളിലും കോച്ചിങ് സെന്ററുകളിലും പെട്ടെന്നുള്ളതും ക്രമരഹിതവുമായ പരിശോധനകള്‍ നടത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘങ്ങള്‍ (എസ്ഐടി) രൂപീകരിക്കാന്‍ രാജസ്ഥാന്‍ സംസ്ഥാനത്തോടും എല്ലാ ബോര്‍ഡുകളോടും നിര്‍ദേശിച്ചിട്ടുണ്ട്. അത്തരം സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ ഹാജരാകാതിരിക്കുകയും സ്‌കൂള്‍ സമയങ്ങളില്‍ കോച്ചിങ് സെന്ററുകളില്‍ അവര്‍ ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്താല്‍, സ്‌കൂളുകള്‍ക്കും കോച്ചിങ് സെന്ററുകളും ഉള്‍പ്പെടെ ഉത്തരവാദികളായവര്‍ക്കെതിരെ നിയമപ്രകാരം ഉചിതമായ കര്‍ശന നടപടി സ്വീകരിക്കും’ കോടതി വ്യക്തമാക്കി.

വിദ്യാര്‍ത്ഥികളെ കോച്ചിങ് സെന്ററുകളിലേക്ക് മാറ്റുന്നത് അക്കാദമിക പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. സെഷന്റെ പകുതിയോളം പഠനം നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ ബോര്‍ഡ് പരീക്ഷ എഴുതാന്‍ യോഗ്യരല്ലന്ന് കോടതി പറഞ്ഞു.

മുന്‍പ് മൂന്ന് സ്‌കൂളുകളില്‍ ഗുരുതരമായ പോരായ്മകള്‍ കണ്ടെത്തി, സിബിഎസ്ഇ താല്‍ക്കാലിക അഫിലിയേഷന്‍ പിന്‍വലിക്കല്‍ അടക്കം പിഴ ചുമത്തിയിരുന്നു. അന്വേഷണത്തിന് നാല് ആഴ്ച പരിഹാര സമയമുണ്ടെന്ന് കോടതി വ്യക്തമാക്കി, സ്‌കൂളുകള്‍ക്ക് നിയമപരമായ പ്രതിരോധം തേടാനാവും.