film

രജനികാന്ത്-മണിരത്‌നം വീണ്ടും ഒന്നിക്കുന്നു; ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

By Lubna Sherin K P

October 06, 2024

തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തും മണിരത്‌നവും മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. രജിനികാന്തിന്റെ പിറന്നാള്‍ ദിനമായ ഡിസംബര്‍ 12-ാം തീയതി ഈ ചിത്രത്തിന്റെ പ്രഖ്യാപനം നടക്കും എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

1991 ല്‍ പുറത്തിറങ്ങിയ ദളപതിയായിരുന്നു രജനികാന്ത്-മണിരത്‌നം കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രം. മഹാഭാരതത്തിലെ കര്‍ണ്ണ-ദുര്യോധന സൗഹൃദത്തെ ആസ്പദമാക്കി നിര്‍മ്മിച്ച സിനിമയില്‍ സൂര്യ എന്ന കഥാപാത്രമാണ് രജനികാന്ത്. സിനിമയില്‍ മലയാള സിനിമയുടെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അംരീഷ് പുരി, ശോഭന, ഗീത, അരവിന്ദ് സ്വാമി, ഭാനുപ്രിയ തുടങ്ങിയ താരങ്ങളാണ് മറ്റു പ്രധാന വേഷങ്ങളിലെത്തിയത്. സിനിമയ്ക്ക് സംഗീതം ഒരുക്കിയത ഇളയരാജയായിരുന്നു.

കമല്‍ഹാസനെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘തഗ് ലൈഫ്’ ചിത്രത്തിലാണ് മണിരത്‌നം നിലവിലുള്ളത്. ചിമ്പു, ജോജു ജോര്‍ജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസര്‍, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങള്‍. കമല്‍ ഹാസന്റെ രാജ്കമല്‍ ഫിലിംസിനൊപ്പം മണിരത്‌നത്തിന്റെ മദ്രാസ് ടാക്കീസും ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.