ചെന്നൈ: ദക്ഷിണേന്ത്യന്‍ ചലച്ചിത്രലോകത്തിലെ രണ്ട് സൂപ്പര്‍താരങ്ങള്‍ വീണ്ടും ഒന്നിക്കുന്നു. രജനികാന്ത് നായകനായും കമല്‍ ഹാസന്‍ നിര്‍മ്മാതാവായും എത്തുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. സുന്ദര്‍ സി.യുടെ സംവിധാനത്തില്‍ ഒരുക്കുന്ന ചിത്രത്തിന് താത്കാലികമായി ‘തലൈവര്‍ 173’ എന്ന പേരാണ് നല്‍കിയിരിക്കുന്നത്.
അഞ്ചു പതിറ്റാണ്ടുകളായി തുടരുന്ന രജനികാന്ത്കമല്‍ ഹാസന്‍ സൗഹൃദത്തിന്റെയും സഹോദര്യത്തിന്റെയും പുതിയ ഉദാഹരണമായിരിക്കും ഈ ചിത്രം. തമിഴ് സിനിമയിലെ ഒരു നാഴികക്കല്ലായി മാറാനാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. ബാനറിന്റെ 44-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തന്നെയാണ് പ്രൊജക്റ്റ് പ്രഖ്യാപിച്ചത്. ചിത്രം റെഡ് ജയന്റ് മൂവീസ് ആണ് തിയറ്ററുകളിലേക്ക് എത്തിക്കുക.
ഇപ്പോള്‍ നെല്‍സണ്‍ ഒരുക്കുന്ന ‘ജയിലര്‍ 2’-ല്‍ അഭിനയിക്കുന്ന രജനികാന്ത്, അതിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയശേഷം ‘തലൈവര്‍ 173’-ല്‍ ജോയിന്‍ ചെയ്യും. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ആരംഭിച്ച് 2027-ലെ പൊങ്കല്‍ റിലീസിനായി ലക്ഷ്യമിടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
‘അരമനൈ’ സിനിമാറ്റിക് യൂണിവേഴ്‌സിലൂടെ ജനപ്രീതി നേടിയ സുന്ദര്‍ സി. ഇതിനകം നാല്പതോളം തമിഴ് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ളവനാണ്. കമല്‍ ഹാസന്‍ നായകനായ ‘അന്‍ബേ ശിവം’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന് വലിയ ശ്രദ്ധ ലഭിച്ചത്. സുന്ദര്‍ സി.യുടെ അടുത്ത ചിത്രം നയന്‍താര നായികയായ ‘മൂക്കുത്തി അമ്മന്‍ 2’ ആണെന്ന് അറിയിച്ചിട്ടുണ്ട്.