തിരുവനന്തപുരം: തിരുവനന്തപുരത്ത് ആരംഭിക്കുന്ന രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി (ആര്‍.ജി.സി.ബി.)യുടെ രണ്ടാംകാമ്പസ് ആര്‍എസ്എസ് സര്‍സംഘ ചാലക് ഗോള്‍വാള്‍ക്കറിന്റെ പേരിലായിരിക്കുമെന്ന് കേന്ദ്രമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. ശ്രീ ഗുരുജി മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കോംപ്ലക്‌സ് ഡിസീസ് ഇന്‍ കാന്‍സര്‍ ആന്‍ഡ് വൈറല്‍ ഇന്‍ഫെക്ഷന്‍ എന്നാണ് കാമ്പസ് അറിയപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഇന്റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റിവലിന്റെ (ഐ.ഐ.എസ്.എഫ്.) ആതിഥേയ സ്ഥാപനമായ രാജീവ്ഗാന്ധി സെന്ററില്‍നടന്ന ആമുഖസമ്മേളനത്തില്‍ നല്‍കിയ വീഡിയോ സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആക്കുളത്താണ് ആര്‍ജിസിബിയുടെ രണ്ടാംകാമ്പസ് തയ്യാറായിട്ടുള്ളത്.

ഇടത്തരം, വന്‍കിട സാങ്കേതികനൂതനത്വ കേന്ദ്രമായിരിക്കും ഇതെന്ന് മന്ത്രി പറഞ്ഞു. കോശസൂക്ഷ്മാണു അധിഷ്ഠിത ചികിത്സാഗവേഷണത്തിനാവശ്യമായ അത്യാധുനികസൗകര്യങ്ങളുള്ളതാകുമിത്. അര്‍ബുദ ഔഷധങ്ങളുടെ പരിശോധന, രോഗപ്രതിരോധ ചികിത്സാ ഗവേഷണം, സ്റ്റെംസെല്‍ മാറ്റിവെക്കല്‍, ജീന്‍ ചികിത്സ, സൂക്ഷ്മാണു അവസ്ഥയിലുള്ള അര്‍ബുദം കണ്ടെത്തലും വിശകലനവും തുടങ്ങിയവ ഇവിടെയുണ്ടാകും.

ആര്‍.ജി.സി.ബി. ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണ അധ്യക്ഷത വഹിച്ചു. കേന്ദ്ര ബയോടെക്‌നോളജി വകുപ്പ് സെക്രട്ടറി രേണു സ്വരൂപ്, വിജ്ഞാന്‍ഭാരതി ദേശീയ സംയോജകന്‍ ജയന്ത് സഹസ്രബുദ്ധെ, കേന്ദ്ര ബയോടെക്‌നോളജി വകുപ്പ് ജോയന്റ് സെക്രട്ടറി ചന്ദ്രപ്രകാശ് ഗോയല്‍ തുടങ്ങിയവരും സംസാരിച്ചു.