കൊച്ചി: കേരളത്തില്‍ ഒഴിവു വരുന്ന മൂന്നു രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പു തീയതി ഉടന്‍ തീരുമാനിക്കുമെന്നു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ ഹൈക്കോടതിയില്‍ അറിയിച്ചു. തെരഞ്ഞെടുപ്പു മാറ്റി വച്ച നടപടി ചട്ടവിരുദ്ധമാണെന്നു കാണിച്ചു സിപിഎമ്മിനു വേണ്ടി എസ്.ശര്‍മയും സ്പീക്കര്‍ക്കായി നിയമസഭാ സെക്രട്ടറിയും സമര്‍പ്പിച്ച ഹര്‍ജി കോടതി പരിഗണിക്കവെയാണ് തെരഞ്ഞെടുപ്പു കമ്മിഷന്‍ ഇക്കാര്യം അറിയിച്ചത്.

നിയമപരമായ സമയക്രമം പാലിച്ചു തന്നെ തെരഞ്ഞെടുപ്പു നടത്തുമെന്ന് കമ്മിഷന്‍ കോടതിയില്‍ അറിയിച്ചു. രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. തെരഞ്ഞെടുപ്പു തീയതികള്‍ മാത്രമാണ് പ്രഖ്യാപിച്ചത്. നിയമമന്ത്രാലയത്തിന്റെ ശുപാര്‍ശകള്‍ കമ്മിഷന്റെ തീരുമാനങ്ങളെ സ്വാധീനിക്കില്ലെന്നും തെരഞ്ഞെടുപ്പു കമ്മിഷന്‍ കോടതിയെ അറിയിച്ചു.

രാജ്യസഭാംഗങ്ങളായ വയലാര്‍ രവി, കെ.കെ.രാഗേഷ്, പി.വി.അബ്ദുള്‍ വഹാബ് എന്നിവരുടെ കാലാവധി ഏപ്രില്‍ 21നു അവസാനിക്കാനിരിക്കെ വരുന്ന ഒഴിവുകളിലേക്ക് ഏപ്രില്‍ 12ന് തെരഞ്ഞെടുപ്പു നടത്തുമെന്ന് തിരഞ്ഞെടുപ്പു കമ്മിഷന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിയമസഭയുടെ കാലാവധി തീരാനിരിക്കെ രാജ്യസഭയിലേക്കു തെരഞ്ഞെടുപ്പു നടത്തുന്നത് ഉചിതമാണോ എന്ന് കേന്ദ്ര നിയമമന്ത്രാലയം തെരഞ്ഞെടുപ്പു കമ്മിഷനോട് ചോദിച്ചിരുന്നു. തുടര്‍ന്നാണ് തെരഞ്ഞെടുപ്പു കമ്മിഷന്‍ രാജ്യസഭാ തിരഞ്ഞെടുപ്പു മരവിപ്പിച്ചത്. ഇതിനെതിരെയായിരുന്നു ഹര്‍ജികള്‍.