കടപ്പ: കനത്ത മഴയില്‍ ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് നാല് തീര്‍ത്ഥാടകര്‍ മരിച്ചു. 52 പേര്‍ക്ക് പരിക്കേറ്റു. ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയില്‍ ഒന്തിമിട്ടയിലാണ് സംഭവം. ബ്രഹ്മോത്സവത്തിന്റെ ഭാഗമായി രാമനും സീതയും വിവാഹിതരാവുന്ന ചടങ്ങ് ദര്‍ശിക്കുന്നതിടെ അപ്രതീക്ഷിതമായെത്തിയ വേനല്‍ മഴ നാശം വിതക്കുകയായിരുന്നു. ഒരു ലക്ഷത്തില്‍പരം തീര്‍ത്ഥാടകര്‍ ഈസമയം ക്ഷേത്രത്തില്‍ തടിച്ച് കൂടിയിരുന്നതായാണ് റിപ്പോര്‍ട്ട്.

പട്ടും അരിയും സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ഭാര്യയും വൈകിട്ട് ക്ഷേത്രത്തിലെത്തേണ്ടിയിരുന്നതായിരുന്നു. എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് നായിഡുവും സംഘവും ഗസ്റ്റ്ഹൗസില്‍ വിശ്രമിക്കവെയാണ് അത്യാഹിതമുണ്ടായത്. കോരിചൊരിയുന്ന മഴയത്തും ആഘോഷം തുടര്‍ന്നതോടെ ഭക്തര്‍ നിന്നിരുന്ന താത്കാലിക കെട്ടിടത്തിന്റെ മേല്‍ക്കൂര കാറ്റില്‍ നിലം പതിച്ചു. ഇതിനെ തുടര്‍ന്നുണ്ടായി തിക്കിലും തിരക്കിലും പെട്ടാണ് മരണമുണ്ടായത്. രാത്രി 9 മണിക്ക് ശേഷം കാലാവസ്ഥ സാധാരണ നിലയിലായതോടെ മുഖ്യമന്ത്രിയും സംഘവും ക്ഷേത്രം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. 2014 ല്‍ ആന്ധ്രവിഭജനത്തിന് ശേഷം രാം നവമി ആഘോഷത്തിന്റെ ഔദ്യോഗിക ഇടമാക്കി ഒന്തിമിട്ടയെ പ്രഖ്യാപിച്ചിരുന്നു.