News

റമദാന്‍ തുടക്കം അഭയാര്‍ത്ഥികള്‍ക്കൊപ്പം; റോഹിങ്ക്യന്‍ ക്യാമ്പില്‍ ചെലവഴിച്ച് മെസ്യൂദ് ഓസില്‍

By webdesk17

February 21, 2026

ധാക്ക: വിശുദ്ധ റമദാന്‍ മാസത്തിലെ ആദ്യ ദിനം ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ ചെലവഴിച്ച് പ്രമുഖ ഫുട്ബോള്‍ താരം മെസ്യൂദ് ഓസില്‍. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ മകന്‍ ബിലാല്‍ ഉര്‍ദുഗാനൊപ്പമാണ് ഓസില്‍ കോക്സ് ബസാറിലെ ക്യാമ്പുകള്‍ സന്ദര്‍ശിച്ചത്. തുര്‍ക്കിഷ് കോപ്പറേഷന്‍ ആന്‍ഡ് കോര്‍ഡിനേഷന്‍ ഏജന്‍സി പ്രസിഡന്റ് അബ്ദുള്ള എറന്‍, ബംഗ്ലാദേശിലെ തുര്‍ക്കി അംബാസഡര്‍ റാമിസ് സെന്‍ എന്നിവരും ഉദ്യോഗസ്ഥരും ബിസിനസ് പ്രതിനിധികളും ഏതാനും മാധ്യമപ്രവര്‍ത്തകരും ഇവരോടൊപ്പമുണ്ടായിരുന്നു. ഉഖിയയിലെ ബാലുഖാലി, കുട്ടുപാലോങ് ക്യാമ്പുകളാണ് സംഘം സന്ദര്‍ശിച്ചത്.

രാവിലെ പ്രത്യേക വിമാനത്തില്‍ കോക്സ് ബസാറിലെത്തിയ സംഘത്തിന് വലിയ സ്വീകരണമാണ് ലഭിച്ചത്. ക്യാമ്പിലെ കുട്ടികള്‍ക്കായി സംഘടിപ്പിച്ച മൂന്നാമത് റോഹിങ്ക്യ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഓസിലും പങ്കുചേര്‍ന്നു. ലോകപ്രശസ്ത താരത്തെ നേരില്‍ കാണാനും അദ്ദേഹത്തോടൊപ്പം പന്തുതട്ടാനും കഴിഞ്ഞതിന്റെ ആവേശത്തിലായിരുന്നു കുട്ടികള്‍. മത്സരത്തിന് ശേഷം വിജയികള്‍ക്ക് അദ്ദേഹം സമ്മാനങ്ങള്‍ നല്‍കി.

വൈകുന്നേരം ക്യാമ്പിലെ ഒരു റോഹിങ്ക്യന്‍ കുടുംബത്തോടൊപ്പം ഇഫ്താറില്‍ പങ്കുചേര്‍ന്നതിനു ശേഷമാണ് സംഘം മടങ്ങിയത്. സന്ദര്‍ശനവിവവരങ്ങളും ചിത്രങ്ങളും ഓസില്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തു.

‘ബംഗ്ലാദേശിലെ കോക്‌സ് ബസാറിലുള്ള റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ബിലാല്‍ ഉര്‍ദുഗാനൊപ്പമാണ് ഞാന്‍ റമദാനിലെ ആദ്യ ദിനം ചെലവഴിച്ചത്. ടിക്ക, ദിയാനത്ത് വഖഫി എന്നിവയുടെ സഹകരണത്തോടെ അവിടെ പ്രവര്‍ത്തിക്കുന്ന ഫീല്‍ഡ് ഹോസ്പിറ്റല്‍, സ്‌കൂള്‍, വൊക്കേഷണല്‍ ട്രെയിനിംഗ് സെന്റര്‍ എന്നിവിടങ്ങളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ കണ്ടു. എങ്കിലും, റോഹിങ്ക്യന്‍ സഹോദരങ്ങള്‍ക്കായി നമുക്ക് ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. നമുക്ക് ഒരുമിച്ച് കൈകോര്‍ക്കാം, വലിയൊരു മാറ്റം കൊണ്ടുവരാം’- ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ഓസില്‍ വ്യക്തമാക്കി.