പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
നന്മക്കൊരു പരിമളമുണ്ടെങ്കില്‍ അതേ സുഗന്ധം തന്നെയാണ് വിശുദ്ധ റമസാന്‍ മാസത്തിനുമുണ്ടാവുക. എല്ലാ നന്മകളുടെയും ആഘോഷമായ റമസാനിന് മറ്റെന്ത് ഗന്ധമുണ്ടാവാനാണ്?. നൂല്‍പൊട്ടിയ പട്ടം കാറ്റില്‍ അനിയന്ത്രിതമായി പറന്നുനടക്കുകയും അവസാനം ഏതെങ്കിലും ചെളിക്കുഴിയില്‍ വീഴുന്നതുപോലെ തന്നെയാണ് നിയന്ത്രണങ്ങളില്ലാത്ത മനുഷ്യന്റെ കാര്യവും. കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങളില്ലെങ്കില്‍ അവന്‍ ചെന്ന് പതിക്കുക അധര്‍മത്തിന്റെ പടുകുഴിയിലേക്കായിരിക്കും. 1974 ല്‍ മരീന അബ്രാമോവിച്ച് എന്ന ആര്‍ടിസ്റ്റ് നേപിള്‍സിലെ ഒരു ഗാലറിയില്‍ ‘റിഥം ഒ’ എന്ന പേരില്‍ ഒരു പെര്‍ഫോമന്‍സ് നടത്തി. ചുറ്റും 72 ഒബ്ജക്ടുകള്‍ വെച്ച് അവര്‍ ആറ് മണിക്കൂര്‍ നിശ്ചലമായി നിന്നു. സമീപത്തായി വെച്ച റോസ്, മുന്തിരി, തൂവല്‍ പോലുള്ള ഉപദ്രവകരമല്ലാത്തതും കത്രിക, കത്തി, ചങ്ങല, നിറതോക്ക് തുടങ്ങിയ അപകടകരമായതുമായ വസ്തുക്കള്‍ ആളുകള്‍ക്ക് യഥേഷ്ടം ഉപയോഗിക്കാമെന്നും അതിന്റെ പൂര്‍ണ ഉത്തരാവാദിത്തം തനിക്കാണെന്നും അവര്‍ കുറിച്ചു. ആദ്യമാദ്യം നന്നായി പെരുമാറിയ ജനക്കൂട്ടം പ്രതികരണമോ തിരിച്ചടിയോ ഇല്ലെന്ന് മനസിലാക്കിയതോടെ അക്രമോത്സുകതയോടെ പെരുമാറാന്‍ തുടങ്ങി. പ്രത്യാഘാതങ്ങളും നിയന്ത്രണങ്ങളുമില്ലെങ്കില്‍ മനുഷ്യന്റെ പെരുമാറ്റം എത്തരത്തിലായിരിക്കുമെന്നാണ് ഈ പെര്‍ഫോമന്‍സ് വ്യക്തമാക്കിയത്.
മനുഷ്യനെ ധാര്‍മിക പാതയിലൂടെ നയിക്കുന്നതിനുള്ള കൃത്യമായ മാര്‍ഗ നിര്‍ദ്ദേശമാണ് ഇസ്ലാം മതം. അല്ലാഹുവിന് സമര്‍പ്പിക്കുക, നീതിനിഷ്ഠമായ ജീവിതം നയിക്കുക, അതിലൂടെ സമാധാനം നേടുക, പാരത്രിക ജീവിതത്തില്‍ മോക്ഷം നേടുക എന്നതാണ് ഇസ്ലാമിന്റെ അത്യന്തികമായ ലക്ഷ്യം. അതിനായി ഖുര്‍ആനും തിരുസുന്നത്തും മനുഷ്യര്‍ക്ക് ശരിയായ ദിശാബേധം നല്‍കുന്നു. നിര്‍ബന്ധിത ആരാധനാ കര്‍മങ്ങളിലൂടെ ജീവിതശൈലി രൂപപ്പെടുത്താന്‍ സഹായിക്കുന്നു. ദിനേന അഞ്ച് നേരമുള്ള നിസ്‌കാരം മനുഷ്യനെ തിന്മയില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നു. സക്കാത്ത് മനുഷ്യന്റെ സമ്പത്ത് സംശുദ്ധീകരിക്കുന്നു. റമസാന്‍ മാസത്തിലെ നോമ്പ് മനുഷ്യനെ ആത്മീയ ചൈതന്യത്തില്‍ കഴിയാന്‍ പ്രേരിപ്പിക്കുന്നു. ഹജ്ജ് തിരുനബിയുടെയും ഇസ്ലാമിന്റെയും ചരിത്രപാതകളിലൂടെ സഞ്ചരിക്കാനും അനുസ്മരിക്കാനുമുള്ള അവസരം നല്‍കുന്നു.
വിശുദ്ധ റമസാന്‍ മാസത്തിലാണ് നാമിപ്പോഴുള്ളത്. ആഘോഷങ്ങള്‍ക്കും വിനോദങ്ങള്‍ക്കും ധാരാളം സാധ്യതകളുള്ള കാലത്ത് അതില്‍ നിന്നെല്ലാം സമ്പൂര്‍ണമായും മാറി ദൈവേച്ഛലക്ഷ്യം വെച്ച് ആത്മീയ വഴിയില്‍ സഞ്ചരിക്കാനുള്ള അവസരമാണ് റമസാന്‍ നമുക്ക് നല്‍കുന്നത്. പിശാചിനെ ചങ്ങലക്കിടുന്ന മാസമായതിനാല്‍ തെറ്റായ ചിന്തകളിലേക്ക് മനസ് പോകുന്നത് തടയാന്‍ ഏറെ എളുപ്പമാണ്. വിശ്വാസത്തിന്റെ കണികയെങ്കിലും ഹൃദയത്തിലുള്ളവന്റെ മനസിലേക്ക് ‘നോമ്പ് കാലമാണല്ലോ’ എന്ന ചിന്ത വന്നുപതിച്ചുകൊണ്ടേയിരിക്കും. അതുകൊണ്ട് തന്നെ ആത്മീയതയില്‍ മുഴുകാനും അല്ലാഹുവിന്റെ പ്രീതിയില്‍ കഴിയാനും റമസാന്‍ നല്ല അവസരമാണ്. പുതിയൊരു ജീവിതക്രമം കെട്ടിപ്പടുക്കാനും സ്വയം പരിഷ്‌കരിക്കാനും പുണ്യമാസത്തില്‍ നമുക്ക് സാധിക്കണം. പുതിയ ശീലമുണ്ടാക്കാന്‍ 21 ദിവസംമതിയെന്നതാണ് മനഃശാസ്ത്രത്തിലെ നിയമം. 1960കളില്‍ ഡോ. മാക്സ്വെല്‍ മാള്‍ട്സ് രോഗികളില്‍ നടത്തിയ നിരീക്ഷണത്തിലൂടെയാണ് അക്കാര്യം പറയുന്നത്. ഈ നോമ്പുകാലത്ത് പുതിയ ശീലമുണ്ടാക്കാന്‍ നമുക്ക് സാധിക്കണം. ആ നന്മകള്‍ പെരുന്നാളോടെ അവസാനിപ്പിക്കാതെ തുടര്‍ന്നുകൊണ്ടുപോയി നന്മ ജീവിതശൈലിയാക്കാന്‍ ശ്രമിക്കണം. ശീലങ്ങള്‍ ജീവിതശൈലിയാക്കി മാറ്റാന്‍ 90 ദിവസം മതിയെന്നാണ് പഠനങ്ങള്‍ പറയുന്നത്.
എല്ലാവിധ ആസക്തികളെയും ഒഴിവാക്കി സമൂഹത്തിന് ആവശ്യമായ, അനുഗുണനായ മനുഷ്യനായി മാറാന്‍ നമുക്ക് സാധിക്കണം. കൂട്ടുകാരെയും മറ്റുള്ളവരെയും നന്മയുടെ പാതയിലേക്ക് ക്ഷണിക്കുകയും തെറ്റില്‍നിന്നും അവരെ വിമോചിപ്പിക്കുകയും വേണം. വേദനയനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാനും നിര്‍ധനരരെ ചേര്‍ത്തുപിടിക്കാനും മുസ്ലിമിന് ഉത്തരവാദിത്തമുണ്ട്. ചൂടുകാലമായതിനാല്‍ പുറംജോലികള്‍ ചെയ്യുന്നവര്‍ക്ക് ജോലി ചെയ്യാന്‍ സാധിച്ചുവെന്ന് വരില്ല. അത്തരക്കാരുടെ വീടുകളിലെ സാമ്പത്തിക പ്രയാസങ്ങള്‍ മനസിലാക്കുകയും അവരെ സഹായിക്കുന്നതിന് മഹല്ലുകളുടെയും കൂട്ടായ്മകളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ നടക്കുന്ന റിലീഫ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുകയും വേണം. സഹജീവി സ്നേഹവും കാരുണ്യവുമെല്ലാം ആരാധന തന്നെയാണ്. ദാനധര്‍മങ്ങള്‍ അധികരിപ്പിച്ചും കഷ്ടപ്പെടുന്നവരെ ചേര്‍ത്തുപിടിച്ചും സര്‍വശക്തനിലേക്ക് കൂടുതല്‍ അടുക്കാന്‍ നാം ശ്രദ്ധിക്കണം. പ്രവര്‍ത്തനങ്ങളില്‍ പ്രകടനപരത കടന്നുവരാതെ, ശരീരവും മനസുമെല്ലാം അല്ലാഹുവിന് സമര്‍പ്പിക്കണമെന്ന ആരാധനകളുടെ മര്‍മം അറിഞ്ഞുകൊണ്ടാണ് റമസാനില്‍ ജീവിക്കേണ്ടത്. വികാര വിചാരങ്ങള്‍പോലും അല്ലാഹുവിന്റെ തൃപ്തിയിലായിരിക്കണം. ആ തരത്തിലുള്ള പരിവര്‍ത്തനത്തിലേക്കാണ് റമസാനും വ്രതവും വിശ്വാസികളെ നയിക്കുന്നത്. ത്യാഗവും അനുസരണയും ആത്മീയതയും സ്നേഹവും ക്ഷമയും പാരസ്പര്യവും സാഹോദര്യവും സമാധാനവുമെല്ലാം പഠിപ്പിക്കാനും മികച്ച വ്യക്തിത്വം രൂപപ്പെടുത്താനും റമസാനിന് സാധിക്കുന്നു. പുണ്യങ്ങളുടെ പൂക്കാലമായ റമസാനില്‍ ആ വസന്തം അനുഭവിക്കാനും പരിമളം ആസ്വദിക്കാനും വിശ്വാസികള്‍ക്കാവട്ടെയെന്ന് ആശംസിക്കുന്നു. റമസാന്‍ മാസം സര്‍വശക്തന്റെ തൃപ്തിയിലും സന്തോഷത്തിലും ചെലവഴിക്കാന്‍ സാധിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.