FOREIGN

റമദാന്‍ അടുത്തെത്തി; മോചനം കാത്തു നിരവധി തടവുകാര്‍

By webdesk13

March 05, 2024

അബുദാബി: റമദാന്‍ അടുത്തെത്തിയതോടെ നിരവധി ജയില്‍ തടവുകാര്‍ പുതിയ ജീവിതത്തിലേക്ക് നടന്നടുക്കാന്‍ മോചനം കാത്തുകഴിയുന്നു. ഓരോ വര്‍ഷവും പുണ്യറമദാനിലും വലിയ പെരുന്നാള്‍ സമയത്തും നൂറുകണക്കിന് തടവുകാരെയാണ് യുഎഇ ഭരണാധികാരികള്‍ മാപ്പുനല്‍കി വിട്ടയക്കുന്നത്.

വിട്ടയക്കുന്ന തടവുകാരുടെ പട്ടിക ഉടനെ പ്രഖ്യാപിക്കും. വിവിധ എമിറേറ്റുകളിലെ ജയിലുകളില്‍ കഴിയുന്ന നൂറൂകണക്കിനുപേര്‍ക്കാണ് ഭരണാധികാരികളുടെ കരുണയിലൂടെ പുതിയ ജീവിതം ലഭ്യമാകുന്നത്.

മലയാളികള്‍ ഉള്‍പ്പെടെ മുന്‍കാലങ്ങളില്‍ ഇത്തരം ആനൂകൂല്യങ്ങളിലൂടെ മോചിതരായി നാട്ടിലെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണയും തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനാവുമെന്ന പ്രതീക്ഷയില്‍ നിരവധി കുടുംബങ്ങള്‍ കാത്തിരിക്കുന്നുണ്ട്.

സാമ്പത്തിക കുരുക്കില്‍കുടുങ്ങി ജയിലില്‍ കഴിയുന്ന നിരവധി പേരുടെ ബാധ്യത ഏറ്റെടുത്തുകൊണ്ട് മാതൃകയാവുന്ന ഭരണകൂടം കഴിഞ്ഞകാലങ്ങളില്‍ നൂറുകണക്കിന് കുടുംബങ്ങളുടെ കണ്ണുനീരിന് അറുതി വരുത്തിയിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ പേരും പട്ടികയില്‍ ഉണ്ടാവണമെന്ന പ്രാര്‍ത്ഥനയില്‍ ഒട്ടനേകം കുടുംബങ്ങള്‍ കഴിയുന്നുണ്ട്.