Dr. Ravikumar K Senior Consultant,
HOD – Urology, MultiOrgan Transplant Aster Mims Kozhikode
മറ്റു മാസങ്ങളില്‍ നിന്ന് വിഭിന്നമായി റമസാന്‍ മാസം വിശ്വാസികള്‍ക്ക് വളരെ പ്രധാനമാണ്. മതപരമായി ആരോഗ്യം അനുവദിച്ചിട്ടുള്ളവര്‍ക്ക് മാത്രമാണ് നോമ്പ് അനുഷ്ഠിക്കാന്‍ നിര്‍ബന്ധമുള്ളത് എങ്കിലും ഏതൊരു വിശ്വാസിയും ആയതിന് വേണ്ടി സ്വയം തീരുമാനിച്ച് തയ്യാറെടുക്കുന്ന മാസം. എന്നാല്‍ ചില ആരോഗ്യാവസ്ഥകളുള്ളവര്‍ക്ക്, പ്രത്യേകിച്ച് വൃക്കക്കല്ല് (Kidney stones) അല്ലെങ്കില്‍ മൂത്രക്കല്ല് (Urinary stones) ഉള്ളവര്‍ക്കും മുന്‍പ് കല്ല് വന്നിട്ടുള്ളവര്‍ക്കും. ഉപവാസകാലത്ത് പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
ഉപവാസ കാലയളവില്‍ മൂത്രാശയപരമായ രോഗലക്ഷണമുള്ളവരും ചികിത്സ തേടുന്നവരും ചില കാരണങ്ങള്‍ ശ്രദ്ധിച്ചാല്‍ അവര്‍ക്കും റംസാന്‍ കാലയളവ് ആനന്ദകരമാക്കാം.
ശാസ്ത്രീയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്, റമദാന്‍ ഉപവാസം കൊണ്ട് മാത്രം മൂത്രക്കല്ലുകള്‍ ഉണ്ടാകുന്നുവെന്ന് ഉറപ്പുള്ള തെളിവുകളില്ല എന്നതാണ്. എന്നാല്‍ ഉപവാസ സമയത്തെ നിര്‍ജ്ജലീകരണം (dehydration). പ്രത്യേകിച്ച് ചൂടുള്ള കാലാവസ്ഥയില്‍, മൂത്രം കൂടുതല്‍ സാന്ദ്രമാകാന്‍ (concentrated urine) കാരണമാകുകയും, ഇതിലൂടെ കല്ലുകള്‍ രൂപപ്പെടാനുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യാം അതുകൊണ്ട് തന്നെ നന്നായി വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം.
നിര്‍ജ്ജലീകരണമാണ് (Hydration) മൂത്രക്കല്ല് രൂപപ്പെടുന്നതിന് ഏറ്റവും പ്രധാനപ്പെട്ട ഘടകം. ആയതിനാല്‍ മൂത്രക്കല്ല് രൂപപ്പെടുന്നത് തടയുന്നതിന് മതിയായ വെള്ളം കുടിക്കല്‍ നിര്‍ബന്ധമാണ്. ഇഫ്താര്‍ മുതല്‍ സുഹൂര്‍ വരെയുള്ള സമയത്ത് തുടര്‍ച്ചയായി വെള്ളം കുടിക്കണം. കുറഞ്ഞത് 2-25 ലിറ്റര്‍ മൂത്രം ഉണ്ടാകുന്ന രീതിയില്‍ വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. അതോടൊപ്പം മൂത്രത്തിന്റെ നിറം ശ്രദ്ധിക്കുക.
ഇരുണ്ട മഞ്ഞ നിറമാണെങ്കില്‍ ജലക്കുറവിന്റെ സൂചനയാണ് നല്‍കുന്നത്.
തെളിഞ്ഞ മഞ്ഞ/വെളുത്ത നിറം – നല്ല ഹൈഡ്രേഷന്‍ എന്നുമാണ്. കൂടാതെ ചായ, കാപ്പി, കാര്‍ബണേറ്റഡ് പാനിയങ്ങള്‍ എന്നിവ അമിതമായി കഴിക്കുന്നതും ഒഴിവാക്കണം. ഇവ മൂത്രത്തിന്റെ അളവ് കൂട്ടുമെങ്കിലും ശരീരത്തില്‍ നിന്ന് വെള്ളം കൂടുതലായി നഷ്ടപ്പെടാന്‍ ഇടയാക്കും. ഭക്ഷണക്രമത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
– ഉപ്പ് (Salt Sodium) അധിക ഉപ്പ് ഉപയോഗം മൂത്രത്തില്‍ കാല്‍സ്യം പുറന്തള്ളുന്നത് വര്‍ധിപ്പിക്കുന്നു. ഇത് കാല്‍സ്യം സ്റ്റോണ്‍ രൂപപ്പെടാന്‍ കാരണമാകും. പാക്കറ്റ് ഭക്ഷണങ്ങള്‍, അച്ചാര്‍, ഉപ്പുകൂടിയ പലഹാരങ്ങള്‍ എന്നിവ പരമാവധി കൂറയ്ക്കുക.
പ്രോട്ടീന്‍ അമിതമായ റെഡ് മീറ്റ്, മട്ടണ്‍, ബീഫ് തുടങ്ങിയ മൃഗജന്യ പ്രോട്ടീനുകള്‍ യൂറിക് ആസിഡിന്റെയും കാല്‍സ്യത്തിന്റെയും കല്ലുകള്‍ക്ക് സാധ്യത വര്‍ധിപ്പിക്കും. ബാലന്‍സ്ഡ് അളവില്‍ മാത്രം പ്രോട്ടീന്‍ ഉപയോഗിക്കുക.
– ഓക്‌സലേറ്റ് കൂടുതലുള്ള ഭക്ഷണങ്ങള്‍ സ്പിനാച്ച്, ബീറ്റ്‌റൂട്ട്, ചോക്ലേറ്റ്, നട്ട്‌സ്, കാപ്പി, ശക്തമായ ചായ തുടങ്ങിയവ നിയന്ത്രിക്കുക. ഇവ പൂര്‍ണമായി ഒഴിവാക്കണമെന്നില്ല, പക്ഷേ അമിത ഉപയോഗം ഒഴിവാക്കണം.
– സിട്രേറ്റ് (Citrate) ഉള്ള ഭക്ഷണങ്ങള്‍ നാരങ്ങ, ഓറഞ്ച് തുടങ്ങിയ സിട്രസ് ഫലങ്ങള്‍ മൂത്രത്തിലെ കല്ല് രൂപപ്പെടുന്നത് തടയാന്‍ സഹായിക്കുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ആയതിനാല്‍ ഇത്തരം വസ്തുക്കള്‍ ഭക്ഷണത്തില്‍ അതികരിപ്പിക്കുക.
ഇഫ്താറിന് ശേഷം നാരങ്ങ വെളളം (ഉപ്പ്/പഞ്ചസാര ചേര്‍ക്കാതെ) കഴിക്കുന്നതും നല്ലതാണ്.
അതോടൊപ്പം നമ്മുടെ ജോലിക്ക് അനുസൃതമായി ശരീരത്തെ സൂക്ഷിക്കേണ്ടതും അത്യാവശ്യമാണ്. കാലാവസ്ഥ, ശാരീരിക പ്രവര്‍ത്തനം ചൂടുള്ള അന്തരീക്ഷത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് വിയര്‍പ്പിലൂടെ കൂടുതല്‍ ജലം നഷ്ടപ്പെടും. കഠിനമായ ശാരീരികാധ്വാനം പകല്‍സമയത്ത് പറ്റുമെങ്കില്‍ പരിമി തപ്പെടുത്തുക. സാധ്യമായാല്‍ പുറത്ത് ജോലി ചെയ്യുന്നവര്‍ പകല്‍ സമയങ്ങളില്‍ തണലുള്ള സ്ഥലത്ത് ജോലി ചെയ്യുകയും, നോമ്പ് കഴിഞ്ഞതിന് ശേഷം മറ്റു സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതില്‍ ഏര്‍പ്പെടുകയും ചെയ്യുക ഇത് നിര്‍ജ്ജലീകരണം തടയുന്നതിന് സഹായിക്കും.
ആരെല്ലാം പ്രത്യേകമായി ശ്രദ്ധിക്കണം?
താഴെ പറയുന്ന വിഭാഗത്തിലുള്ളവര്‍ ഉപവാസം തുടങ്ങുന്നതിന് മുന്‍പ് ഡോക്ടറുടെ ഉപദേശം തേടണം.
ആവര്‍ത്തിച്ച് മൂത്രക്കല്ല് വന്നിട്ടുള്ളവര്‍ (recurrent stone formers) അടുത്തിടെ കല്ല് മൂലം ആശുപത്രിവാസം/ശസ്ത്രക്രിയ നടത്തിയവര്‍ Chrome Kidney Disease (CKD) ഉള്ളവര്‍, ഒറ്റ വൃക്ക മാത്രമുള്ളവര്‍, സ്ഥിരമായി മൂത്ര അണുബാധ (UTI) ഉണ്ടാവുന്നവര്‍ തുടങ്ങിയവരെല്ലാം സ്വയം ഉപവാസത്തിന് തീരുമാനിക്കാതെ ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദേശം തേടുകയും വേണം. കൂടാതെ താഴെ പറയുന്ന ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉപവാസം തുടര്‍ന്നുകൊണ്ടിരിക്കാതെ അവസാനിപ്പിക്കുകയും ആവശ്യമെങ്കില്‍ ഉടന്‍ മെഡിക്കല്‍ സഹായം തേടുകയും വേണം.
അരക്കെട്ടിലോ പുറകിലോ ശക്തമായ വേദന, മൂത്രത്തില്‍ രക്തം കാണുക, മൂത്ര മൊഴിക്കുമ്പോള്‍ കഠിനമായ വേദന, മൂത്രത്തിന്റെ അളവ് ഗണ്യമായി കൂ റയുക, ഛര്‍ദ്ദി, പനി തുടങ്ങിയ ലക്ഷണങ്ങള്‍ നിസ്സാരവല്‍ക്കരിക്കരുത്.
റമദാന്‍ ഉപവാസം ആരോഗ്യകരമായ ജീവിതശൈലിയുമായി ഒത്തുചേരാവുന്നതാണ്. എന്നാല്‍ മൂത്രക്കല്ല് ഉള്ളവര്‍ക്കും കല്ല് വരാനുള്ള സാധ്യ ത കൂടുതലുള്ളവര്‍ക്കും, ശരീരത്തിന് ശരിയായ അളവിലുള്ള വെള്ളവും ഭക്ഷണക്രമവും അതീവ പ്രധാനണ്. ശാസ്ത്രീയമായി പറയുമ്പോള്‍, ഉപവാസം കൊണ്ട് മാത്രം കല്ലുകള്‍ ഉണ്ടാകുന്നില്ല. പക്ഷേ ജലക്കുറവും ഭക്ഷണത്തിലെ അശ്രദ്ധയും അപകടസാധ്യത വര്‍ധിപ്പിക്കും. അതിനാല്‍, വ്യക്തിഗത ആരോഗ്യസ്ഥിതിക്ക് അനുയോജ്യമായ രീതിയില്‍. ഡോക്ടറുടെ നിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ട് ഉപവാസം അനുഷ്ഠിക്കുന്നതാണ് ഏറ്റവും സുരക്ഷിതമായ സമീപനം.