kerala

രാമനാട്ടുകര വാഹനാപകടം; ദുരൂഹതയെന്ന് പൊലീസ്

By Test User

June 21, 2021

രാമനാട്ടുകര: അഞ്ചു പേര്‍ മരിച്ച കോഴിക്കോട് രാമനാട്ടുകരയിലെ വാഹനാപകടത്തില്‍ ദുരൂഹതയുള്ളതായി പൊലീസ്. അപകടത്തില്‍ പെട്ട വാഹനത്തിനൊപ്പം ഒരു ഇന്നോവ കാറും ഉണ്ടായിരുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ അപകടത്തില്‍ പെട്ടവരുടെ സുഹൃത്തുക്കളായിരുന്നുവെന്ന് സൂചനയുണ്ട്.

ബൊലേറോയും സിമന്റ് കയറ്റിയ ചരക്ക് ലോറിയും കൂട്ടിയിടിച്ചാണ് ഇന്ന് പുലര്‍ച്ചെ 4.45 ഓടെ രാമനാട്ടുകരയ്ക്കടുത്ത് പുളിഞ്ചോട് വെച്ച് അപകടമുണ്ടായത്. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍, ശാഹിര്‍ എന്നിവരാണ് മരിച്ചത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ സുഹൃത്തിനെ സ്വീകരിക്കാന്‍ വരുമ്പോഴാണ് അപകടമെന്നാണ് സുഹൃത്തുക്കള്‍ പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍, ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല.

എയര്‍പോര്‍ട്ടില്‍ നിന്നും പാലക്കാട് റൂട്ടില്‍ സഞ്ചരിക്കേണ്ട വാഹനം ദിശമാറി 12 കിലോമീറ്ററിലധികം ദൂരത്തിലാണ് അപകടം നടന്നത്. വാഹനം കോഴിക്കോട് ഭാഗത്തുനിന്ന് എയര്‍പോര്‍ട്ട് ഭാഗത്തേക്ക് സഞ്ചരിക്കുമ്പോഴാണ് അപകടത്തില്‍ പെട്ടത്. ഇത് എന്തുകൊണ്ട് സംഭവിച്ചുവെന്നറിയാന്‍ പൊലീസ് അന്വേഷണം തുടരുകയാണ്.എന്നാല്‍, കുടിവെള്ളത്തിന് പോയെന്നാണ് കൂടെയുണ്ടായിരുന്നവര്‍ നല്‍കിയ മൊഴി.

പുളിഞ്ചോടു വളവില്‍ അമിത വേഗത്തിലായിരുന്ന വാഹനം എതിര്‍ദിശയില്‍ ലോറിയിലിടിക്കും മുമ്പ് മറിഞ്ഞിരുന്നതായി ഡ്രൈവര്‍ മൊഴി നല്‍കിയിരുന്നു. മൂന്നു തവണ മലക്കംമറിഞ്ഞ ശേഷമാണ് ലോറിയില്‍ ഇടിച്ചതെന്നാണ് മൊഴി.