kerala

ഫോണ്‍രേഖ പരിശോധനക്കെതിരെ ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

By chandrika

August 21, 2020

തിരുവനന്തപുരം: കോവിഡ് രോഗികളുടെ ഫോണ്‍രേഖകള്‍ ശേഖരിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഇതുവരെ ശേഖരിച്ച വിവരങ്ങള്‍ മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന ചെന്നിത്തലയുടെ ഉപ ഹര്‍ജിയും ഇതോടൊപ്പം കോടതി പരിഗണിക്കുന്നുണ്ട്.

സര്‍ക്കാര്‍ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും പൊലീസ് ഉത്തരവ് റദ്ദാക്കണമെന്നുമാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. എന്നാല്‍ ഫോണ്‍വിളിയുടെ വിശദാംശങ്ങളല്ല ടവര്‍ ലോക്കേഷന്‍ മാത്രമാണ് പരിശോധിക്കുന്നതെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുള്ളത്. മൊബൈല്‍ സേവനദാതാക്കള്‍ സി.ഡി.ആര്‍ വിവരങ്ങള്‍ ഒരുമിച്ചാണ് നല്‍കുന്നതെന്നും ഇത് പൊലീസ് സോഫ്റ്റ്വയര്‍ ഉപയോഗിച്ച് വേര്‍തിരിച്ചാണ് സമ്പര്‍ക്കപട്ടിക തയ്യാറാക്കുന്നതെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നേരത്തെ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.