Video Stories

മുള്ളന്‍പന്നിയെ പിടികൂടാന്‍ ഗുഹക്കുള്ളില്‍ കയറിയ യുവാവ് മരിച്ചു

By chandrika

November 30, 2018

ഉപ്പള: മുള്ളന്‍പന്നിയെ പിടികൂടാന്‍ ഗുഹക്കുള്ളിലേക്ക് കയറിയ യുവാവ് മരിച്ചു. മുള്ളന്‍ പന്നിയെ പിടികൂടാന്‍ ഗുഹയ്ക്കുള്ളില്‍ കയറിയ ധര്‍മ്മത്തടുക്ക ബാളികയിലെ രമേശ(35)നാണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. കൃഷിക്കായി വെള്ളമെത്തിക്കുന്ന തുരങ്കത്തില്‍ മുള്ളന്‍ പന്നിയുണ്ടെന്നറിഞ്ഞാണ് യുവാവ് ഗുഹക്കുള്ളിലേക്ക് കയറിയത്. എന്നാല്‍ ഏറെനേരം കഴിഞ്ഞിട്ടും യുവാവ് തിരിച്ചുവരാത്തതായതോടെയാണ് കൂടയുള്ളവര്‍ക്ക് അപകടം തിരിച്ചറിയാനായത്. തുടര്‍ന്ന് മറ്റു നാലുപേര്‍ ഇയാളെ തേടി ഗുഹക്കകത്തേക്ക് കയറി. ഇയാളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച നാലു പേര്‍്ക്കും ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അഗ്‌നിശമനസേനയും പൊലീസും നാട്ടുകാരും ചേര്‍ന്നു രക്ഷപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് കാണാതായ രമേശനുവേണ്ടിയുള്ള തിരച്ചില്‍ തുടങ്ങി. ഇടുങ്ങിയതും ഒരാള്‍ക്കുമാത്രം കടന്നുപോകാന്‍ കഴിയുന്നതുമായ തുരങ്കത്തിലാണ് മുള്ളന്‍പന്നിയെ പിടികൂടാന്‍ യുവാവ് കയറിയത്. ഉപ്പള ഫയര്‍ഫോഴ്സിന്റെ രണ്ട് യൂണിറ്റ് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. രാത്രി പത്ത് മണിക്ക് തുടങ്ങിയ രക്ഷാപ്രവര്‍ത്തനം ആറുമണിക്കൂര്‍ നീണ്ടുനിന്നു. എന്നിട്ടും കണ്ടെത്തനായിട്ടില്ല. രാവിലെ വീണ്ടും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായി ഉപ്പള ഫയര്‍ സ്റ്റേഷന്‍ അധികൃതര്‍ പറഞ്ഞു

ഗുഹയ്ക്കുള്ളില്‍ മണ്ണിടിയുന്നതാണ് അകത്തേക്കു കടക്കാന്‍ അഗ്‌നിശമനസേനാംഗങ്ങള്‍ക്കു തടസ്സമായത്. സംഭവമറിഞ്ഞ് വന്‍ ജനാവലിയാണു സ്ഥലത്തെത്തിയത്.