പി.എ മുബാറക്

ഈ ആണ്ടിലെ പുണ്യമാസത്തിന്റെ പരിസമാപ്തി കുറിക്കുമ്പോള്‍ നമ്മുടെ പ്രിയങ്കരനായ ഇ അഹമ്മദ് സാഹിബിന്റെ വിയോഗമാണ് വേദനപ്പെടുത്തുന്നത്. കഴിഞ്ഞ പത്ത് പതിനഞ്ച് വര്‍ഷമായി റമദാനിലെ ഏതെങ്കിലും ഒരു ദിവസം ഖത്തറിന് വേണ്ടി അഹമ്മദ് സാഹിബ് മാറ്റിവെക്കുമായിരുന്നു. എത്ര തിരക്ക് പിടിച്ച പരിപാടിയുണ്ടെങ്കിലും ഒരു ദിവസം നോമ്പ് തുറക്ക് ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍താനിയുടെ ആതിഥ്യം സ്വീകരിച്ച് കൊണ്ടു ദോഹയിലെത്തുന്ന അഹമ്മദ് സാഹിബിന്റെ അസാന്നിധ്യം ഒരു നൊമ്പരമായി നിലനില്‍ക്കുന്നു.
എംപിയായിരുന്നപ്പോഴും കേന്ദ്രമന്ത്രിയായിരിക്കുമ്പോഴും ഖത്തറിലെ ഇഫ്താറിനെത്തുന്നതിന് യാതൊരു വിഘ്‌നവും ഉണ്ടായിട്ടില്ല. ഇവിടെയെത്തുമ്പോള്‍ കെ.എം.സി.സിയുടെയും മറ്റും സൗഹൃദ വലയം അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് നില്‍ക്കും. കുറെ പഴയ കഥകളും തമാശകളും പങ്കെുവെക്കുന്നത് സ്മരണയില്‍ പച്ചപിടിച്ചു നില്‍ക്കുന്നു. റമദാനല്ലാത്ത ഖത്തര്‍ സന്ദര്‍ശന വേളയില്‍ എന്നോട് എപ്പോഴും നിഷ്‌കര്‍ഷിക്കുക എണ്ണയില്ലാത്ത ഭക്ഷണമാണ്. ഭക്ഷണം ആവി അകറ്റിയത് പ്രത്യേകിച്ച് പുട്ട്, ഇടിയപ്പം, മീന്‍ കറി തുടങ്ങിയവ അദ്ദേഹത്തിന് പ്രിയങ്കരമായിരുന്നു. അത് വീട്ടില്‍ നിന്ന് ലഭ്യമാക്കാനാണ് ശ്രമിക്കുക.

e-ahammed
ഖത്തര്‍ സന്ദര്‍ശിക്കുമ്പോഴെല്ലാം പുലര്‍ച്ചെ നടക്കാന്‍ പോകാന്‍ എന്നെ വിളിക്കും. അത് മന്ത്രിയായിരുന്നപ്പോഴും എംപിയായിരുന്നപ്പോഴും എല്ലാം. ഞങ്ങള്‍ രാവിലെ കാറില്‍ കയറി കോര്‍ണീഷിലെത്തി ആറ് കിലോമീറ്ററെങ്കിലും നടക്കും. ചൂടൂകാലമായാലും തണുപ്പ് കാലമായാലും.
ഒരു ദിവസം ഞാന്‍ ഉറങ്ങിപ്പോയി. അഹമ്മദ് സാഹിബിന്റെ പേഴ്‌സണല്‍ സ്റ്റാഫ് ഷഫീഖ് എന്നെ വിളിച്ചുണര്‍ത്തി. ”അഹമ്മദ് സാഹിബ് കാത്തിരിക്കുന്നു…നടക്കാന്‍ പോകാന്‍”. ചാടി എഴുന്നേറ്റ് ഓടി മാരിയറ്റ് ഹോട്ടലിലെ റൂമിലെത്തിയപ്പോള്‍ അദ്ദേഹം ഖുര്‍ആന്‍ പാരായാണം ചെയ്യുകയായിരുന്നു. നല്ലൊരു വഴക്കു പ്രതീക്ഷിച്ച എനിക്ക് തെറ്റി. സ്‌നേഹപൂര്‍വ്വം പറഞ്ഞു. ”നീ പ്രിയതമയുമായി കിടക്കുകയല്ലേ…അങ്ങനെയൊക്കെ സംഭവിക്കും.” പലപ്പോഴും എന്നില്‍ നിന്ന് ചെറിയ ചില തെറ്റുകള്‍ സംഭവിക്കുമ്പോള്‍ അദ്ദേഹം ശാസിക്കുമായിരുന്നു. എങ്കിലും ഒരു പരാതിയോ പരിഭവമോ തോന്നാറില്ല. പിന്നീട് അദ്ദേഹം സ്‌നേഹപൂര്‍വ്വം തെറ്റ് ചൂണ്ടി കണിച്ച തന്ന് അത് മയപ്പെടുത്തും.
സ്മരണയില്‍ നില്‍ക്കുന്ന ധാരാളം അനുഭവങ്ങള്‍ കഴിഞ്ഞ നാല് പതിറ്റാണ്ട് കാലത്തെ അഹമ്മദ് സാഹിബുമായുള്ള ഊഷ്മള ബന്ധത്തില്‍ അയവിറക്കാനുണ്ട്്. എം.എല്‍.എ ആയിരുന്നപ്പോഴും കേരള സ്‌റ്റേറ്റ്് റൂറല്‍ ഡവലപ്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ ആയിരിക്കുമ്പോഴും കേരള വ്യവസായ മന്ത്രിയായിരിക്കുമ്പോഴും അതിന് ശേഷം ലോകസഭാ മെംബര്‍, കേന്ദ്ര മന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുമ്പോഴുമെല്ലാം അദ്ദേഹവുമായി അടുത്തുനിന്നു. അഹമ്മദ് സാഹിബിന്റെ വിയോഗം വരുത്തിയ ദു:ഖം ഇന്നും വേദനയായി അവശേഷിക്കുന്നു. ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍താനിയുടെ വസതിയില്‍ അദ്ദേഹം ഇഫ്താറിനെത്താത്ത മറ്റൊരു നോമ്പുകാലവും നൊമ്പരമുണര്‍ത്തി കടന്നുപോവുന്നു.