കൊട്ടിയം: പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്നു പിന്‍മാറിയതിനെ തുടര്‍ന്ന് കൊല്ലം കൊട്ടിയത്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍ നടിയെ ചോദ്യം ചെയ്തു. പ്രതി ഹാരിസിന്റെ സഹോദരന്റെ ഭാര്യ ലക്ഷ്മി പ്രമോദില്‍ നിന്നാണ് കൊട്ടിയം പൊലീസ് മൊഴിയെടുത്തത്. അതേ സമയം മരണത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് മരിച്ച പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. സംഭവത്തില്‍ ഹാരിസ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

ആത്മഹത്യ ചെയ്യുന്നതിനു തൊട്ടു മുമ്പായി പെണ്‍കുട്ടി ഹാരിസിന്റെ അമ്മയുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് കേട്ടത്. യുവാവ് വിവാഹത്തില്‍ നിന്നു പിന്‍മാറിയത് കുടുംബത്തിന്റെ കൂടെ പ്രേരണയിലാണെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആരോപിക്കുന്നു. അതു കൊണ്ട് കേസില്‍ ഹാരിസിന്റെ വീട്ടുകാരെയും പ്രതിചേര്‍ക്കണമെന്നാണ് ആവശ്യം. ഹാരിസിന്റെ സഹോദരന്റെയും ഭാര്യയുടെയും മൊഴി എടുത്തു. ലക്ഷ്മി പ്രമോദിന്റെ ഫോണ്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാതാപിതാക്കളില്‍ നിന്നും മൊഴിയെടുക്കുമെന്നും കൊട്ടിയം പൊലീസ് പറഞ്ഞു. കോടതി റിമാന്‍ഡ് ചെയ്ത ഹാരിസിനെ അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങും. കൊട്ടിയം സ്വദേശിനിയായ ഇരുപത്തിനാലുകാരി കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് തൂങ്ങിമരിച്ചത്.