കൊല്ലം: കൊല്ലം കൊട്ടിയച്ച് യുവതി ആത്മഹത്യ ചെയ്ത സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ചിന്റെ കൂടി ചുമതല വഹിക്കുന്ന പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ ജി സൈമണിനാണ് അന്വേഷണ ചുമതല. ഇതുസംബന്ധിച്ച് ഡിജിപി ഉത്തരവ് പുറപ്പെടുവിച്ചു. കൊട്ടിയം സ്വദേശിനി റംസി (24)യാണ് വരന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയതിനെ തുടര്‍ന്ന് തൂങ്ങിമരിച്ചത്.

നേരത്തെ ലോക്കല്‍ പൊലീസും തുടര്‍ന്ന് ജില്ലാ ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും, പ്രതികളെ സഹായിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു. റംസിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രണയിച്ച് ചതിച്ച കാമുകന്‍ പള്ളിമുക്ക് ഇക്ബാല്‍ നഗര്‍ സ്വദേശി ഹാരിസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

എന്നാല്‍ റംസിയുടെ ആത്മഹത്യയിലേക്ക് നയിച്ച സംഭവവികാസങ്ങളുടെ ഗൂഢാലോചനയില്‍ ഹാരിസിന്റെ വീട്ടുകാര്‍ക്കും പങ്കുണ്ടെന്നാണ് യുവതിയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഹാരിസിന്റെ അമ്മ ആരിഫയെയും ജ്യേഷ്ഠന്റെ ഭാര്യയായ സീരിയല്‍ നടി ലക്ഷ്മി പ്രമോദിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. നടിയാണ് റംസിയെ വീട്ടില്‍ നിന്നും വിളിച്ചു കൊണ്ടുപോയിരുന്നത്. ഹാരിസിനോടൊപ്പം പുറത്ത് പോകാന്‍ അവസരം ഒരുക്കിയതെന്നും റംസിയുടെ വീട്ടുകാര്‍ ആരോപിച്ചിരുന്നു.

മൂന്നുമാസം ഗര്‍ഭിണിയായിരിക്കെ, മഹല്ലുകമ്മിറ്റിയുടെ വ്യാജരേഖ തയ്യാറാക്കി റംസിയെ ഗര്‍ഭച്ഛിദ്രത്തിന് വിധേയയാക്കിയത് സീരിയല്‍ നടിയുടെ നേതൃത്വത്തിലാണെന്നും കുടുംബം ആരോപിക്കുന്നു. ചോദ്യം ചെയ്യലിന് ശേഷം നടിയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ നടിയെയും ഹാരിസിന്റെ മാതാവിനെയും രക്ഷിക്കാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നതെന്നും റംസിയുടെ കുടുംബം പറയുന്നു.

ആത്മഹത്യാപ്രേരണ, വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതി ഹാരിസിനെതിരെ പൊലീസ് ചുമത്തിയിട്ടുള്ളത്. ഹാരിസും റംസിയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. വിവാഹനിശ്ചയവും കഴിഞ്ഞതാണ്. സാമ്പത്തികമായി മെച്ചപ്പെട്ട മറ്റൊരു വിവാഹ ആലോചന വന്നപ്പോള്‍ ഹാരിസ് പെണ്‍കുട്ടിയെ ഒഴിവാക്കിയെന്നും ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നുമാണ് പരാതി.