കൊട്ടിയം : വിവാഹം ഉറപ്പിച്ചശേഷം വഞ്ചിക്കപ്പെട്ട യുവതി ആത്മഹത്യചെയ്ത സംഭവത്തില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിനെ പോലീസ് ചോദ്യം ചെയ്തു. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന് ഇവരുടെ ഫോണ്‍ കസ്റ്റഡിയിലെടുത്തതായാണ് സൂചന. കേസില്‍ അറസ്റ്റിലായ പ്രതി കൊല്ലൂര്‍വിള പള്ളിമുക്ക് ഇക്ബാല്‍നഗര്‍ കിട്ടന്റഴികത്ത് വീട്ടില്‍ ഹാരിഷ് മുഹമ്മദിന്റെ ജ്യേഷ്ഠന്റെ ഭാര്യയാണ് ഇവര്‍.

ജമാഅത്തിന്റെ പേരില്‍ വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി യുവതിയെ എറണാകുളത്ത് കൂട്ടിക്കൊണ്ടുപോയി ഗര്‍ഭഛിദ്രം നടത്തിയതില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് യുവതിയുടെ വീട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. യുവതിയെ പലപ്പോഴും വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുപോയത് ഇവരായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. അറസ്റ്റിലായ ഹാരിഷ് യുവതിയെ കരുവാക്കി ബാങ്കുകളില്‍നിന്ന് വായ്പകളും തരപ്പെടുത്തിയിട്ടുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

യുവതിയെ വിവാഹം ഉറപ്പിച്ച് സ്വര്‍ണവും പണവും കൈപ്പറ്റിയതിനും യുവതിയെ നിരവധി തവണ കൊണ്ടുനടന്ന് പീഡിപ്പിച്ചതിനും ഹാരിഷിന്റെ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്ന ആക്ഷേപം ശക്തമായതിനാല്‍ അവരെയും ഉടന്‍ പോലീസ് ചോദ്യം ചെയ്യും. സംഭവത്തില്‍ അറസ്റ്റിലായ ഹാരിഷിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത് ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് മാറ്റി.

കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി പോലീസ് നടപടികള്‍ നടത്തി വരികയാണ്. ആത്മഹത്യ ചെയ്ത റംസിയെയും കൊണ്ട് ഹാരിഷ് പോയിട്ടുള്ള സ്ഥലങ്ങളിലെല്ലാം പോയി തെളിവെടുക്കേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു. തമിഴ്‌നാട്, ബെംഗളൂരു എന്നിവിടങ്ങളില്‍ പോയിട്ടുള്ളതായാണ് വിവരം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും പോലീസ് വിശദമായ അന്വേഷണം നടത്തുക.