പാലക്കാട്: കാലൊടിഞ്ഞു ചികിത്സയില്‍ കഴിയുമ്പോഴും വീല്‍ചെയറില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ സജീവമായി ആലത്തൂര്‍ എംപി രമ്യ ഹരിദാസ്. പ്ലാസ്റ്ററിട്ട കാലുമായി വീല്‍ചെയറില്‍ യാത്ര ചെയ്താണ് രമ്യ ഹരിദാസ് പ്രചരണം നടത്തുന്നത്. ചൊവ്വാഴ്ച മുതലാണ് രമ്യ ഹരിദാസ് പാലക്കാട് മണ്ഡലത്തില്‍ പ്രചാരണത്തിനിറങ്ങിയത്.

ശുചിമുറിയില്‍ തെന്നിവീണ് ഇടതുകാലിന് പരിക്കേറ്റ് ശസ്ത്രക്രിയക്ക് ശേഷം വിശ്രമിക്കുകയായിരുന്നു രമ്യ. ഒരുദിവസമെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുക്കാനുള്ള ആഗ്രഹം രമ്യ ഹരിദാസ് നേരത്തെ പ്രകടിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണം ചൂട് പിടിച്ചുള്ള ഘട്ടത്തിലാണ് പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രമ്യ ഹരിദാസ് പ്രചാരണങ്ങളില്‍ പങ്കെടുത്തത്.

തന്റെ സ്വന്തം പഞ്ചായത്തായ പെരുവയല്‍ പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയും രമ്യ പ്രചാരണരംഗത്തുണ്ട്. കാലിന് സുഖമില്ലാത്തതിനാല്‍ നേരിട്ട് പ്രചാരണത്തിനെത്താനാവില്ല. ഓരോ സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയും ഓണ്‍ലൈനിലാണ് രമ്യ വോട്ടഭ്യര്‍ത്ഥിക്കുന്നത്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവിയിലിരിക്കുമ്പോഴാണ് രമ്യ ആലത്തൂരില്‍ നിന്ന് പാര്‍ലമെന്റിലെത്തിയത്.