തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ ആദ്യ ദിനം തന്നെ ഒന്നാം ഇന്നിങ്സ് ലീഡ് നേടി ചണ്ഡീഗഢ്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളം 139 റൺസിന് പുറത്തായതോടെ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചണ്ഡീഗഢ്, ആദ്യ ദിവസം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 142 റൺസെന്ന ശക്തമായ നിലയിലാണ്.
കേരളത്തിന് തുടക്കം മുതൽ തന്നെ തിരിച്ചടിയേറ്റു. രണ്ടാം ഓവറിൽ ഓപ്പണർ അഭിഷേക് ജെ. നായർ (1) പുറത്തായി. കാർത്തിക് സന്ദിലിന്റെ പന്തിൽ വിഷ്ണുവിന് ക്യാച്ച് നൽകിയാണ് അഭിഷേക് മടങ്ങിയത്. തുടർന്ന് 14 റൺസെടുത്ത എ.കെ. ആകർഷിനെ രോഹിത് ധന്ദ ക്ലീൻ ബൗൾഡാക്കി. പിന്നാലെ സചിൻ ബേബിയും ബാബ അപരാജിത്തും ചേർന്ന സഖ്യം പ്രതീക്ഷ നൽകി. ഇരുവരും ഉറച്ചുനിന്നതോടെ ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 87 റൺസെന്ന നിലയിലായിരുന്നു.
എന്നാൽ ലഞ്ചിന് ശേഷം കേരളത്തിന്റെ തകർച്ച പെട്ടെന്നായിരുന്നു. നാലാം ഓവറിൽ തന്നെ സചിൻ ബേബി (41), വിഷ്ണു വിനോദ് (0) എന്നിവർ രോഹിത് ധന്ദയുടെ പന്തിൽ എൽ.ബി.ഡബ്ല്യുവായി പുറത്തായി. അർധസെഞ്ചുറിക്ക് തൊട്ടരികെ ബാബ അപരാജിത്തും (49) മടങ്ങി. വെറും എട്ട് പന്തുകൾക്കിടെ മൂന്ന് വിക്കറ്റുകൾ കൂടി നഷ്ടമായതോടെ കേരളത്തിന്റെ ഇന്നിങ്സ് തകർന്നുവീണു.
ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ (4), അങ്കിത് ശർമ്മ (1), ശ്രീഹരി എസ്. നായർ (0) എന്നിവർ തുടർച്ചയായി മടങ്ങി. ഒരു റണ്ണുമായി നിധീഷ് എം.ഡിയും അക്കൗണ്ട് തുറക്കാതെ ഏദൻ ആപ്പിൾ ടോമും പുറത്തായതോടെ കേരളത്തിന്റെ ഇന്നിങ്സ് 139ൽ അവസാനിച്ചു. സൽമാൻ നിസാർ 13 റൺസുമായി പുറത്താകാതെ നിന്നു. ചണ്ഡീഗഢിനായി നിഷുങ്ക് ബിർള നാല് വിക്കറ്റും രോഹിത് ധന്ദ മൂന്ന് വിക്കറ്റും ജഗജിത് സിങ് സന്ധു രണ്ട് വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചണ്ഡീഗഢിന് 11 റൺസെടുത്ത ഓപ്പണർ നിഖിൽ ഥാക്കൂറിനെ തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും, ക്യാപ്റ്റൻ മനൻ വോറയും അർജുൻ ആസാദും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് ടീമിനെ കരുത്തുറ്റ നിലയിലെത്തിച്ചു. കളി നിർത്തുമ്പോൾ അർജുൻ ആസാദ് 78 റൺസുമായും മനൻ വോറ 51 റൺസുമായും പുറത്താകാതെ ക്രീസിലുണ്ട്.