kerala

രഞ്ജിത്ത് ജോണ്‍സണ്‍ വധക്കേസ്: അഞ്ചു പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവെച്ചു

By webdesk17

November 27, 2025

കൊച്ചി: കൊല്ലം സ്വദേശി രഞ്ജിത്ത് ജോണ്‍സണെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ അഞ്ചുപേരുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവെച്ചു. കൊല്ലം സെഷന്‍സ് കോടതി വിധിച്ച ശിക്ഷാവിധി പൂര്‍ണമായും നിലനിര്‍ത്തിയാണ് ഹൈക്കോടതി നടപടി സ്വീകരിച്ചത്. കേസിലെ ആറും ഏഴും പ്രതികളെ ഹൈക്കോടതി വെറുതെവിട്ടു. കണ്ണനല്ലൂര്‍ സ്വദേശിയായ പാമ്പ് മനോജ്, നെടുങ്ങോലത്തെ കാട്ടുണ്ണി രഞ്ജിത്ത്, പൂതക്കുളത്തെ കൈതപ്പുഴ ഉണ്ണി, വടക്കേവിള സ്വദേശിയായ കക്ക പ്രണവ്, ഡീസന്റ് വണ്‍ സ്വദേശിയായ വിഷ്ണു എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ. പ്രതികള്‍ 25 വര്‍ഷത്തെ കഠിന തടവ് പൂര്‍ത്തിയാക്കിയ ശേഷമേ ശിക്ഷയില്‍ ഇളവ് ലഭിക്കാവൂ എന്നും കോടതി വ്യക്തമാക്കി. കൂടാതെ പ്രതികള്‍ ചേര്‍ന്ന് 35 ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും നിര്‍ദേശിച്ചു.

2018 ഓഗസ്റ്റ് 15നായിരുന്നു രഞ്ജിത്ത് ജോണ്‍സണ്‍ കൊല്ലപ്പെട്ടത്. ‘ പ്രാവ് വാങ്ങണം ‘ എന്ന വ്യാജേന ഗുണ്ടാസംഘം വീട്ടിലെത്തി രഞ്ജിത്തിനെ വിളിച്ചുകൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് തമിഴ്‌നാട്ടിലെ ഒരു ക്വാറിയിലെ മാലിന്യത്തിലേക്ക് മൃതദേഹം തള്ളി ഉപേക്ഷിച്ചു. ഒന്നാംപ്രതി പാമ്പ് മനോജിന്റെ ഭാര്യ ജെസ്സിയെ രഞ്ജിത്ത് വിവാഹം കഴിച്ചതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിനുപിന്നിലെ പ്രധാന കാരണം എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.