മുംബൈ: ആമിര്‍ ഖാന്‍, പ്രഭാസ്, ഷാരൂഖ് ഖാന്‍ എന്നിവര്‍ക്കൊപ്പം 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ച് രണ്‍വീര്‍ സിംഗും. രണ്‍വീര്‍ സിംഗ് നായകനായെത്തിയ മാസ്സ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘ധുരന്ദര്‍’ ആഗോള ബോക്‌സ് ഓഫീസില്‍ 1006.7 കോടി രൂപ കളക്ഷന്‍ നേടിയതായി നിര്‍മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചു. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം ചിത്രം 789.18 കോടി രൂപ നേടി.
ആദിത്യ ധര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘ധുരന്ദര്‍’ ജിയോ സ്റ്റുഡിയോസും B62 സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആര്‍. മാധവന്‍, അര്‍ജുന്‍ റാംപാല്‍ എന്നിവര്‍ നിര്‍ണായക വേഷങ്ങളില്‍ എത്തുന്ന ചിത്രം ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിന്ദി റിലീസുകളിലൊന്നായിരുന്നു.
280 കോടി രൂപ ബജറ്റില്‍ ഒരുക്കിയ ചിത്രം ഓപ്പണിംഗില്‍ ആഗോളതലത്തില്‍ 32.5 കോടി നെറ്റ് കളക്ഷന്‍ നേടിയെങ്കിലും പിന്നീട് വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയത്. എ സര്‍ട്ടിഫിക്കറ്റോടെ റിലീസ് ചെയ്ത ചിത്രത്തിന് ശക്തമായ വയലന്‍സ് രംഗങ്ങളുടെ പേരില്‍ ചില കട്ടുകളും നിര്‍ദ്ദേശങ്ങളും ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മൂന്ന് മണിക്കൂര്‍ 34 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് നെറ്റ്ഫ്‌ളിക്‌സാണ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ ട്രാക്ക് പുറത്തിറങ്ങിയതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. ശാശ്വത് സച്ച്‌ദേവും ചരണ്‍ജിത് അഹൂജയും സംഗീതം നല്‍കിയ ഗാനത്തില്‍ ഹനുമാന്‍കൈന്‍ഡ്, ജാസ്മിന്‍ സാന്‍ഡ്‌ലാസ് ഉള്‍പ്പെടെ നിരവധി ഗായകര്‍ പങ്കെടുത്തു.
ആധുനിക ഹിപ്‌ഹോപ്പും പഞ്ചാബി ശൈലിയും സിനിമാറ്റിക് ഗ്രിറ്റും ചേര്‍ന്ന ഈ ഗാനം രണ്‍വീര്‍ സിംഗിന്റെ ശക്തമായ സ്‌ക്രീന്‍ പ്രെസന്‍സിനെ കൂടുതല്‍ ഉയര്‍ത്തിക്കാട്ടുന്നു. ഹനുമാന്‍കൈന്‍ഡിന്റെ ആദ്യ ബോളിവുഡ് പ്രൊജക്റ്റ് കൂടിയാണിത്. ‘ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആദിത്യ ധര്‍ ഒരുക്കുന്ന ‘ധുരന്ദര്‍’ അജ്ഞാതരായ പുരുഷന്മാരുടെ ഉത്ഭവത്തെക്കുറിച്ചുള്ള പറയപ്പെടാത്ത കഥയാണ് പറയുന്നത്.
ഛായാഗ്രഹണം വികാഷ് നൗലാഖയും എഡിറ്റിംഗ് ശിവകുമാര്‍ വി. പണിക്കരുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ബോക്‌സ് ഓഫീസിലെ ഈ വന്‍ വിജയത്തോടെ രണ്‍വീര്‍ സിംഗ് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ താരനിരയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്.