india

മീററ്റില്‍ ബലാത്സംഗ കേസ് പ്രതിയെ പോലീസ് വെടിവെച്ചുകൊന്നു

By webdesk18

October 13, 2025

മീററ്റില്‍ ബലാത്സംഗ കേസ് പ്രതിയെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് വെടിവെച്ചുകൊന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നടന്ന ഏറ്റുമുട്ടലിലാണ് പ്രതി കൊല്ലപ്പെട്ടതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ന് രാവിലെ 5:30 നാണ് ഉത്തര്‍പ്രദേശ് പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ പ്രതി ഷഹസാദിന് വെടിയേറ്റത്. ഇയാളുടെ നെഞ്ചിലാണ് വെടിയേറ്റത്. വെടിയേറ്റ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസുകളിലെ പ്രതിയായ ഷഹ്‌സാദ് ഒരു ‘ഹാബിച്വല്‍ ഒഫെന്‍ഡര്‍’ ആണെന്ന് പോലീസ് വ്യക്തമാക്കുന്നു. അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ഇയാള്‍ ഏകദേശം അഞ്ചു വര്‍ഷക്കാലം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. പിന്നീട് ജയിലില്‍ നിന്നും പുറത്തിറങ്ങിയ ശേഷമാണ് ഇയാള്‍ ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്തത്. ഇയാളുടെ പേരില്‍ നിലവില്‍ രണ്ട് ബലാത്സംഗ കേസുകള്‍ക്ക് പുറമെ, മോഷണം, ഭീഷണി, പണം തട്ടിയെടുക്കല്‍ തുടങ്ങിയ കേസുകളും മീററ്റ് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇന്ന് രാവിലെയാണ് ഇയാളെ പിടികൂടാനുള്ള ശ്രമങ്ങള്‍ പോലീസ് ആരംഭിച്ചത്. ഷഹ്‌സാദിന്റെ പക്കലും തോക്കുണ്ടായിരുന്നു. ഇയാള്‍ ആദ്യം പോലീസിന് നേരെ വെടിവെയ്ക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് തിരികെ വെടിയുതിര്‍ത്തു. ഏറ്റുമുട്ടലിനിടയില്‍ പ്രതിയുടെ നെഞ്ചിലും വെടിയേല്‍ക്കുകയായിരുന്നു.

അതേസമയം, ഞായറാഴ്ച രാത്രി അതിജീവിതയായ ഏഴ് വയസ്സുകാരിയുടെ വീട്ടിലെത്തിയ ഷഹ്‌സാദ്, വീട്ടുകാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയിരുന്നു. പോലീസിനെ സമീപിക്കരുതെന്നും കൊന്നു കളയും എന്നും പറഞ്ഞാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയത്. പോലീസ് ഏറെ നാളായി അന്വേഷിച്ചുകൊണ്ടിരുന്ന കൊടുംകുറ്റവാളിയാണ് ഷഹ്‌സാദ്. ഇയാളെ പിടികൂടുന്നവര്‍ക്ക് ഉത്തര്‍പ്രദേശ് പോലീസ് 25,000 രൂപ പ്രതിഫലവും പ്രഖ്യാപിച്ചിരുന്നു.