Culture

ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; അഞ്ച് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

By chandrika

July 04, 2019

ബാംഗളൂരു: പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച അഞ്ച് വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയില്‍ മാര്‍ച്ചിലാണ് പീഡനം നടന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയിയല്‍ വൈറലായതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. സംഭവത്തില്‍ 19 വയസുകാരായ അഞ്ച് ആണ്‍കുട്ടികള്‍ അറസ്റ്റിലായി.

ദലിത് പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. വിദ്യാര്‍ഥികള്‍ ജൂനിയര്‍ പെണ്‍കുട്ടിയെ വനപ്രദേശത്തെത്തിച്ച് മയക്കുമരുന്ന് നല്‍കി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. അഞ്ചു പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടിയുമായി നേരിട്ട് പരിചയമുള്ള വ്യക്തിയായിരുന്നു. ഇയാള്‍ പെണ്‍കുട്ടിയെ കാറില്‍ വനപ്രദേശത്തേക്ക് കൊണ്ടുപോവുകയായിരുന്നു. പിന്നീട് ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. സംഭവം പൊലീസില്‍ അറിയിച്ചാല്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഇവര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി.

സമൂഹമാധ്യമങ്ങളില്‍ നിന്നും സൈബര്‍ പൊലീസ് ദൃശ്യങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്. കുറ്റവാളികള്‍ക്കെതിരെ കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, മയക്കുമരുന്ന് കൈവശം വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തതായി ജില്ലാ പൊലീസ് സൂപ്രണ്ട് ബി.എം.ലക്ഷ്മി പ്രസാദ് അറിയിച്ചു.