News

ബലാത്സംഗകേസ്; 15 വയസ്സുകാരിയെ പ്രതിയുടെ വീട്ടിലേക്ക് അയച്ചു ശിശുക്ഷേമ സമിതി; വീണ്ടും അതിക്രമം

By webdesk17

September 04, 2025

മധ്യപ്രദേശ് പന്ന ജില്ലയില്‍ 15 വയസ്സുകാരിയെ ബലാത്സംഗത്തിനിരയായ ശേഷം പ്രതിയുടെ വീട്ടിലേക്ക് അയച്ച സംഭവത്തില്‍ വലിയ വിവാദം. പ്രാദേശിക ശിശുക്ഷേമ സമിതി (സിഡബ്ല്യുസി) ഉദ്യോഗസ്ഥരാണ് പെണ്‍കുട്ടിയെ പ്രതിയുടെ ബന്ധുവിന്റെ വീട്ടിലേക്ക് അയച്ചതെന്നും അവിടെ വീണ്ടും ലൈംഗികാതിക്രമത്തിന് ഇരയായെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യ്തു.

സംഭവവുമായി ബന്ധപ്പെട്ട് സിഡബ്ല്യുസി ചെയര്‍മാന്‍, അംഗങ്ങള്‍, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കം 10 പേരെതിരെ ഛത്തര്‍പൂര്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

2025 ജനുവരി 16-ന് സ്‌കൂളില്‍ പോയ ശേഷം കാണാതായ പെണ്‍കുട്ടിയെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് 2025 ഫെബ്രുവരി 17-ന് ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്നാണ് കുട്ടിയെ പ്രതിയോടൊപ്പം കണ്ടെത്തിയത്. പോക്സോ നിയമപ്രകാരം പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

ശേഷം കുട്ടിയെ പുനരധിവാസത്തിനായി പന്ന സിഡബ്ല്യുസിക്കു മുന്നില്‍ ഹാജരാക്കി വണ്‍ സ്റ്റോപ്പ് സെന്ററിലേക്ക് മാറ്റിയെങ്കിലും നിയമപരമായ നടപടിക്രമങ്ങള്‍ മറികടന്ന് പ്രതിയുടെ ബന്ധുവിന്റെ വീട്ടിലേക്ക് അയച്ചതാണ് വിവാദത്തിന് കാരണമായത്. ജയില്‍ മോചിതനായി തിരിച്ചെത്തിയ പ്രതി വീണ്ടും കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നാണ് ആരോപണം. പ്രതിയെ വീണ്ടും പൊലീസ് പിടികൂടി.

മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഛത്തര്‍പൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അഡീഷണല്‍ എസ്.പി. ലവ്കുഷ്‌നഗറിന്റെ മേല്‍നോട്ടത്തില്‍ എസ്ഡിഒപി നവീന്‍ ദുബെ അന്വേഷണത്തിന് നേതൃത്വം നല്‍കുന്നു. നിയമ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും, കുറ്റകൃത്യത്തിന് പ്രേരണ നല്‍കിയതിന് സിഡബ്ല്യുസി ചെയര്‍മാനും അംഗങ്ങള്‍ക്കുമെതിരെ പോക്സോ നിയമത്തിലെ സെക്ഷന്‍ 17 പ്രകാരം കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കുട്ടികളുടെ ലൈംഗിക പീഡന വിവരം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതിന് വണ്‍ സ്റ്റോപ്പ് സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്കും കൗണ്‍സിലര്‍ക്കുമെതിരെ പോക്സോ നിയമത്തിലെ സെക്ഷന്‍ 21 പ്രകാരവും ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ക്കെതിരെ പോക്സോ, എസ്സി/എസ്ടി ആക്ട്, ഭാരതീയ ന്യായസംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരവും കുറ്റം ചുമത്തിയിട്ടുണ്ട്.