Football

മാഡ്രിഡിനെ വീഴ്ത്തി റയല്‍ ബെറ്റിസ്‌

By webdesk13

March 02, 2025

സ്പാനിഷ് ലാലിഗയില്‍ റയല്‍ മാഡ്രിഡിന് തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് റയല്‍ ബെറ്റിസാണ് റയലിനെ വീഴ്ത്തിയത്. ലീഗില്‍ കിരീടപ്പോരാട്ടം മുറുകി നില്‍ക്കവേ ലോസ് ബ്ലാങ്കോസിനേറ്റ തോല്‍വി ബാഴ്‌സക്കും അത്‌ലറ്റിക്കോ മാഡ്രിഡിനും നേട്ടമാവും. ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിക് അത്‌ലറ്റിക് ക്ലബ്ബിനെ തോല്‍പ്പിച്ചതോടെ 56 പോയിന്റുമായി ഒന്നാം സ്ഥാനത്തേക്ക് കയറി. തൊട്ടു താഴെയുള്ള ബാഴ്‌സ ഒരു മത്സരം കുറവാണ് കളിച്ചിട്ടുള്ളത്.

ബെറ്റിസിന്റെ തട്ടകമായ ബെനിറ്റോ വില്ലാമെറീന്‍ സ്‌റ്റേഡിയത്തിലായിരുന്നു റയലിന്റെ തോല്‍വി. പത്താം മിനിറ്റില്‍ തന്നെ വലകുലുക്കി ബ്രഹീം ഡിയാസ് റയലിനെ മത്സരത്തില്‍ മുന്നിലെത്തിച്ചെങ്കിലും 34ാം മിനിറ്റിലും 54ാം മിനിറ്റിലും വലകുലുക്കി ബെറ്റിസ് ജയം പിടിച്ചു വാങ്ങി. ജോണി കാര്‍ഡോസോയും മുന്‍ റയല്‍ താരമായ ഇസ്‌കോയുമാണ് ബെറ്റിസിനായി സ്‌കോര്‍ ചെയ്തത്. മത്സരത്തില്‍ ബ്രസീലിയന്‍ താരം ആന്റണിയും നിറഞ്ഞു കളിച്ചു.

26 കളികളില്‍ നിന്ന് 54 പോയിന്റുള്ള റയല്‍ പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്. ഇന്ന് റയല്‍ സോസിഡാഡിനെതിരെ നടക്കുന്ന മത്സരത്തില്‍ ജയിച്ചാല്‍ ബാഴ്‌സലോണ 57 പോയിന്റുമായി ഒന്നാം സ്ഥാനത്തേക്ക് കയറും.