More
മഞ്ഞില്‍ വിരിയുന്ന ഫുട്‌ബോള്‍
കെ.പി മുഹമ്മദ് ഷാഫി
നാലു സിവിലിയന്മാര്‍ക്ക് ഒരാളെന്ന വിധം സൈനികസാന്നിധ്യമുള്ള ശ്രീനഗര്‍ നഗരം. പുകമഞ്ഞിന്റെ നേരിയ ആവരണമുള്ള പ്രഭാതത്തില്‍ ഫുട്‌ബോള്‍ പരിശീലനത്തിനു പോവുകയായിരുന്ന ദാനിഷ് എന്ന ചെറുപ്പക്കാരനെ തോക്കേന്തിയ കമാന്റോകള്‍ തടഞ്ഞുനിര്‍ത്തി. സന്തോഷ് ട്രോഫിയില്‍ ജമ്മുകശ്മീരിനു വേണ്ടി ബൂട്ടുകെട്ടിയ താരമാണ് താനെന്നും ഐലീഗ് രണ്ടാം ഡിവിഷനിലെ ഒരു ക്ലബ്ബിനു വേണ്ടിയാണ് കളിക്കുന്നതെന്നും കൊല്‍ക്കത്തയിലെ മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബിന്റെ കളിക്കാരനായിരുന്ന ഫാറൂഖ് അഹ്മദ് ഭട്ട് തന്റെ പിതാവാണെന്നും ആ ചെറുപ്പക്കാരന്‍ വിശദീകരിച്ചു. ക്രിക്കറ്റിനപ്പുറമുള്ള കായികവിനോദങ്ങളെപ്പറ്റി വലിയ വിവരമില്ലാത്ത ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായതു കൊണ്ടാവണം, സൈനികര്‍ക്ക് അയാളുടെ ന്യായവാദങ്ങളൊന്നും മനസ്സിലായില്ല. അവസാനം മുതിര്‍ന്ന ഒരുദ്യോഗസ്ഥന്‍ എത്തിച്ചേരേണ്ടി വന്നു, ദാനിഷിന് മോചനം ലഭിക്കാന്‍.
.
പ്രക്ഷോഭങ്ങളും സൈനിക ഇടപെടലും കല്ലേറും കര്‍ഫ്യൂവും കടുത്ത കാലാവസ്ഥയും ദുഷ്‌ക്കരമാക്കുന്ന കശ്മീര്‍ സ്വാഭാവിക ഗതിയില്‍ ഫുട്‌ബോളിന് വളക്കൂറുള്ള മണ്ണല്ല. സാധാരണക്കാരന് സൈ്വര്യമായി ഇറങ്ങി നടക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ലാത്ത, വെടിയുണ്ടകള്‍ക്കും സ്‌ഫോടനങ്ങള്‍ക്കും കല്ലേറുകള്‍ക്കുമിടയില്‍ ജീവിതം തള്ളിനീക്കുന്ന ആ ജനതക്ക് കായിക വിനോദങ്ങള്‍ തങ്ങളുടെ പരിഗണനയിലെ അവസാന തട്ടില്‍ വരുന്ന കാര്യങ്ങളാണെങ്കില്‍ അത് അത്ഭുതവുമല്ല. മിഹ്‌റാജുദ്ദീന്‍ വദൂവിനെയും ഇഷ്ഫാഖ് അഹ്മദിനെയും പോലെ വിരലിലെണ്ണാവുന്ന ചില കശ്മീരികള്‍ക്കേ ഇന്ത്യന്‍ ഫുട്‌ബോളിന്റെ മുഖ്യധാരയിലേക്കു മുന്നേറാന്‍ കഴിഞ്ഞിട്ടുള്ളൂ. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഉദയവും അണ്ടര്‍ 17 ലോകകപ്പ് ആതിഥേയത്വവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫുട്‌ബോളിന് ഉണര്‍വുണ്ടാക്കിയപ്പോള്‍ യൂറോപ്പിലെ മുന്‍നിര ക്ലബ്ബുകള്‍ ഇന്ത്യയില്‍ അക്കാദമികള്‍ തുറക്കാനെത്തിയപ്പോഴും കശ്മീരിന്റെ കാല്‍പ്പന്തുകളി അവഗണനയുടെ മഞ്ഞില്‍പ്പുതഞ്ഞു കിടന്നു.
.
പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ സ്വയം കരുത്താര്‍ജിച്ചേ മതിയാകൂ എന്നത് കശ്മീരികള്‍ പതിറ്റാണ്ടുകളായി സ്വന്തം ജീവിതം കൊണ്ട് പഠിച്ചതാണ്. ആ ജീവിതപാഠം കാല്‍പ്പന്തു കളിയിലേക്കും അവര്‍ പകര്‍ന്നപ്പോള്‍ ഒട്ടേറെ കൗതുകങ്ങളുള്ള ഒരു ഫുട്‌ബോള്‍ ക്ലബ്ബ് അവിടെ പിറവികൊണ്ടു: റിയല്‍ കശ്മീര്‍ എഫ്.സി. 2016ല്‍ പരിമിതമായ സൗകര്യങ്ങളില്‍ രൂപീകൃതമായ ക്ലബ്ബ് രണ്ടു വര്‍ഷം കൊണ്ട് ഇന്ത്യയിലെ ഒന്നാം ഡിവിഷനായ ഐലീഗില്‍ പന്തുതട്ടാന്‍ യോഗ്യത നേടി. ഉദ്ഘാടന മത്സരത്തില്‍ ചാമ്പ്യന്മാരായ മിനര്‍വ പഞ്ചാബിനെ മുട്ടുകുത്തിക്കുക വരെ ചെയ്തു. ദാനിഷ് ഫാറൂഖും അഹ്മദ് ഹമ്മാദും ഫര്‍ഹാന്‍ ഗനിയും ബിലാല്‍ ഖാനുമെല്ലാം ഇന്ത്യന്‍ ഫുട്‌ബോളില്‍ കശ്മീരിനെ ബലമായിത്തന്നെ മുദ്രണം ചെയ്യുകയാണ്.
.
കാലുകള്‍ക്കിടയിലെ തുകല്‍പ്പന്തിന്റെ സഞ്ചാരഗതി പോലെ വിചിത്രമാണ് തീരെ ചെറിയ കാലയളവില്‍ റിയല്‍ കശ്മീര്‍ ക്ലബ്ബ് താണ്ടിയ ദൂരങ്ങള്‍. മഞ്ഞില്‍ തണുത്തുനില്‍ക്കുന്ന താഴ്‌വരയിലേക്ക് കാല്‍പ്പന്തുകളിയുടെ ചുടുകാറ്റ് വീശുന്ന റിയല്‍ കശ്മീര്‍, ഫുട്‌ബോളിന് മാത്രം സാധ്യമാകുന്ന വിധം വൈജാത്യങ്ങള്‍ നിറഞ്ഞ ആ ജനതയെ ഒരുമിച്ചു നിര്‍ത്തുന്നു.
***
‘കശ്മീര്‍ മോണിറ്റര്‍’ ദിനപത്രത്തിന്റെ എഡിറ്റര്‍ ഷമീം മിറാജിന്റെ ഒരു സായാഹ്നസവാരിയില്‍ നിന്നാണ് എല്ലാം തുടങ്ങുന്നത്. 2014ലായിരുന്നു അത്. താഴ്‌വരയെ ഒട്ടുമുക്കാലും ബാധിച്ച പ്രളയത്തില്‍ നിന്ന് കശ്മീര്‍ കരകയറിത്തുടങ്ങുന്ന സമയം. ഒരു വൈകുന്നേരത്തെ പതിവു നടത്തത്തിനിടയിലാണ് പല പ്രായത്തിലുള്ള കുട്ടികള്‍ ഒന്നും ചെയ്യാനില്ലാതെ ചുറ്റിക്കറങ്ങുന്നതും മടിപിടിച്ച് കൂനിയിരിക്കുന്നതും മിറാജിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. വിനാശകാരിയായ പ്രളയം ജനങ്ങളില്‍ പ്രത്യേകിച്ചും കുട്ടികളില്‍ ഉണ്ടാക്കിയ അരക്ഷിതാവസ്ഥയുടെ ആഴം തിരിച്ചറിയുകയായിരുന്നു അദ്ദേഹം. എന്തെങ്കിലും ചെയ്‌തേ തീരൂ എന്ന് മിറാജിനു തോന്നി.
.
സെന്റ് സ്റ്റീഫന്‍സിലെ പൂര്‍വവിദ്യാര്‍ത്ഥിയായ മിറാജ് ഡല്‍ഹിയിലെ തന്റെ ചില സുഹൃത്തുക്കളെ ബന്ധപ്പെടുകയാണ് ആദ്യം ചെയ്തത്. അവരില്‍ ചിലര്‍ കയ്യയഞ്ഞു സഹായിച്ചു. ആ പണം കൊണ്ട് മിറാജ് ആയിരക്കണക്കിന് പന്തുകള്‍ വാങ്ങി കുട്ടികള്‍ക്കിടയില്‍ വിതരണം ചെയ്തു. അലസമായ കാലുകളില്‍ പൊടുന്നനെ ചടുലതയും മ്ലാനമായ മുഖങ്ങളില്‍ ആഹ്ലാദവും നിറക്കുന്ന അത്ഭുതപ്രവൃത്തിയായിരുന്നു അത്. പഠിക്കുന്ന കാലത്ത് നല്ലൊരു പന്തുകളിക്കാരനായിരുന്ന മിറാജിന് കുട്ടികളുടെ മടുപ്പ് മാറ്റണമെന്നേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, ആ പ്രവൃത്തിക്ക് ലഭിച്ച പിന്തുണ ഒരു ക്ലബ്ബ് രൂപീകരിക്കുക എന്ന ആലോചനക്ക് തുടക്കമിട്ടു. ബിസിനസുകാരനായ സുഹൃത്ത് സന്ദീപ് ചട്ടുവിന്റെ പ്രോത്സാഹനം കൂടിയായപ്പോള്‍ അത് രൂപഭാവങ്ങള്‍ കൈവരിച്ചു. 2016ല്‍ ജമ്മു കശ്മീര്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ അനുമതി ലഭിച്ചതോടെ ആ സ്വപ്‌നത്തിന്റെ പ്രാഗ്‌രൂപം യാഥാര്‍ത്ഥ്യമായി.
.
അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തില്‍ രാജ്യത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കശ്മീര്‍; കായിക സൗകര്യങ്ങളാണെങ്കില്‍ തീര്‍ത്തും ദരിദ്രവും. താഴ്‌വരയിലെ മൈതാനങ്ങളില്‍ പലതും പ്രളയത്തില്‍ നശിച്ചുപോയതിനാല്‍ ശ്രീനഗറിലെ ടൂറിസ്റ്റ് റിസപ്ഷന്‍ സെന്റര്‍ മൈതാനത്താണ് റിയല്‍ കശ്മീര്‍ ടീം കളിക്കുന്നതും പരിശീലിക്കുന്നതും. മതിലുകളില്ലാതെ തുറസ്സായി കിടക്കുന്ന ആ ഗ്രൗണ്ടിനെ തന്നെയാണ് ലോണ്‍സ്റ്റാര്‍ എഫ്.സിയടക്കം പ്രദേശത്തെ മറ്റു ക്ലബ്ബുകളും ആശ്രയിക്കുന്നത്. ഊഴമിട്ടു വേണം ടീമുകള്‍ക്കവിടെ പരിശീലനം നടത്താന്‍. പലപ്പോഴും സൈന്യത്തിന്റെ വിചാരണ കടന്നുവേണം കളിക്കാര്‍ക്ക് പരിശീലനത്തിനെത്താന്‍.
.
2016ല്‍ വിഘടനവാദി നേതാവ് ബുര്‍ഹാന്‍ വാനിയെ സൈന്യം വെടിവെച്ചു കൊന്നതോടെ താഴ്‌വരയൊന്നാകെ സംഘര്‍ഷങ്ങളില്‍ തിളച്ചുമറിഞ്ഞു. പന്തുകളിക്കാന്‍ താല്‍പര്യമുള്ള ചെറുപ്പക്കാരുമായി റിയല്‍ കശ്മീര്‍ എഫ്.സി പിച്ചവെച്ചുതുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. വിദ്യാര്‍ത്ഥികളും ജോലിക്കാരുമായിരുന്നു ടീമംഗങ്ങളില്‍ മിക്കവരും. സംഘര്‍ഷങ്ങള്‍ മൂര്‍ധന്യതയില്‍ നില്‍ക്കുന്ന സമയത്ത് ഷമീം മിറാജിന് ജമ്മു കശ്മീര്‍ ഫുട്‌ബോള്‍ അസോസിയേഷനില്‍ നിന്ന് ഒരു കത്ത് വന്നു; മറ്റു ക്ലബ്ബുകളൊന്നും സന്നദ്ധരല്ലാത്തതിനാല്‍ ഇത്തവണ ഡ്യൂറന്റ് കപ്പില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് കളിക്കുക റിയല്‍ കശ്മീര്‍ ആയിരിക്കുമെന്നതായിരുന്നു അതിന്റെ ഉള്ളടക്കം. പ്രാദേശിക ലീഗില്‍ പോലും കളിച്ചു തുടങ്ങിയിട്ടില്ലായിരുന്നെങ്കിലും ആ വെല്ലുവിളി ഏറ്റെടുക്കാമെന്ന് ഷമീം മിറാജിനും സന്ദീപ് ചട്ടൂവിനും ഉള്‍വിളിയുണ്ടായി. സ്ഥിരമായി പരിശീലനത്തിനു വരുന്ന കളിക്കാരെ ഉള്‍പ്പെടുത്തി അവര്‍ ഒരു ടീമിനെ തട്ടിക്കൂട്ടിയെടുത്തു. ജെ ആന്റ് കെ ബാങ്കിന്റെ കളിക്കാരായിരുന്നു കൂടുതലും. ഐസ്‌വാള്‍, നെറോക്ക, ഡെംപോ, ആര്‍മി, എയര്‍ഫോഴ്‌സ് തുടങ്ങിയ ടീമുകളോടാണ് ഡ്യൂറന്റ് കപ്പില്‍ ഏറ്റുമുട്ടേണ്ടി വന്നത്. റിയല്‍ കശ്മീര്‍ നാല് ഗോളടിച്ചു, 14 എണ്ണം തിരിച്ചുവാങ്ങി. തോറ്റു തുന്നംപാടിയെങ്കിലും ആ ടൂര്‍ണമെന്റ് മുന്നോട്ടുള്ള കുതിപ്പിന്റെ ചവിട്ടുപടിയായി.
***
അതിനിടയിലേക്കാണ് അത്ഭുതം കണക്കെ ഇംഗ്ലീഷ് കോച്ച് ഡേവിഡ് റോബര്‍ട്‌സന്റെ വരവ്. സ്‌കോട്ട്‌ലാന്റിനു വേണ്ടി അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുള്ള റോബര്‍ട്‌സണ്‍ അമേരിക്കയില്‍ മികച്ച സൗകര്യങ്ങളുള്ള ഒരു ക്ലബ്ബിനെ പരിശീലിപ്പിച്ചു വരികയായിരുന്നു. ഒരു ഏജന്റ് വഴിയാണ് ഷമീം മിറാജ് അദ്ദേഹത്തെ ബന്ധപ്പെടുന്നത്. അങ്ങനെ ജീവിതത്തിലാദ്യമായി റോബര്‍ട്‌സണ്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്തു. കനത്ത ഹിമപാതമുള്ള സമയത്താണ് അദ്ദേഹം ശ്രീനഗറിലെത്തുന്നത്. റിയല്‍ കശ്മീരിന്റെ ശുഷ്‌കമായ അടിസ്ഥാന സൗകര്യങ്ങള്‍ കണ്ട ഉടന്‍ തന്നെ അദ്ദേഹം തിരിച്ചുപോകാന്‍ തീരുമാനിച്ചു. പക്ഷേ, ടീമുടമകളുടെ ആത്മവിശ്വാസവും കളിക്കാരുടെ ആര്‍ജവവും തീര്‍ത്തും അപരിചിതമായ ആ ദേശത്ത് പിടിച്ചുനിര്‍ത്തി.
.
കഴിഞ്ഞ രണ്ടു വര്‍ഷമായി റോബര്‍ട്‌സണ്‍ ആണ് റിയല്‍ കശ്മീരിന്റെ നെടുംതൂണാണ്; സ്വന്തം നാട്ടുകാരനായ ഒരു അസിസ്റ്റന്റ് കോച്ചുമുണ്ട് അദ്ദേഹത്തിനൊപ്പം. സാമ്പത്തിക പരാധീനതയില്‍ പെട്ടുഴലുന്ന ക്ലബ്ബിനു വേണ്ടി കോച്ച് സ്വന്തം കീശയില്‍ നിന്നുവരെ പണമിറക്കാറുണ്ടെന്ന് മിറാജ്. മാത്രവുമല്ല, പന്തുകളിക്കാരനായ സ്വന്തം മകന്‍ മേസണ്‍ റോബര്‍ട്‌സണെ അദ്ദേഹം റിയല്‍ കശ്മീരിലേക്ക് കൊണ്ടുവന്നു. നൈജീരിയക്കാരന്‍ ലവ്‌ഡേയും മേസണും അടങ്ങുന്ന പ്രതിരോധമാണ് ഇപ്പോള്‍ ക്ലബ്ബിന്റെ ഏറ്റവും ശക്തമായ മേഖല.
ഐലീഗ് രണ്ടാം ഡിവിഷന്‍ പാതിവഴി പിന്നിട്ടപ്പോഴാണ് അടുത്ത ഘട്ടത്തിലേക്ക് മുന്നേറാമെന്ന ആത്മവിശ്വാസം തനിക്കും കളിക്കാര്‍ക്കും ഉണ്ടായതെന്ന് റോബര്‍ട്‌സണ്‍ പറയുന്നു. ‘എപ്പോഴും അടുത്ത മത്സരത്തെക്കുറിച്ചു മാത്രം ചിന്തിക്കുന്നതാണ് എന്റെ രീതി. പരിമിതികള്‍ നിറഞ്ഞ തുടക്കക്കാരായതിനാല്‍ ഞങ്ങള്‍ക്കു മേല്‍ പ്രതീക്ഷകളുടെ അമിതഭാരമില്ല. കഴിഞ്ഞ രണ്ടുവര്‍ഷമായി ഐലീഗിനെ ഞാന്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഈ ടീമിന് വളരെ ദൂരം മുന്നേറാന്‍ കഴിയുമെന്ന് എനിക്കുറപ്പുണ്ട്…’ കോച്ചിന്റെ വാക്കുകള്‍. ഐലീഗില്‍ റിയല്‍ കശ്മീരിന് ഗുണകരമാകാന്‍ പോകുന്നത് സ്വന്തം നാട്ടിലെ മത്സരങ്ങളാണ്. സമുദ്രനിരപ്പില്‍ നിന്ന് ഏറെ ഉയരത്തിലുള്ള ശ്രീനഗറില്‍ കളിക്കുക മറ്റു ടീമുകള്‍ക്ക് ദുഷ്‌ക്കരമാകും.
.
മാധ്യമശ്രദ്ധയും ആരാധക പിന്തുണയുമുണ്ടെങ്കിലും റിയല്‍ കശ്മീര്‍ ദാരിദ്ര്യത്തില്‍ നിന്നു കരകയറിയിട്ടില്ല. മിറാജിന്റെയും സന്ദീപിന്റെയും സുഹൃത്തുക്കളുടെ സഹായമാണ് ക്ലബ്ബിനെ പിടിച്ചുനിര്‍ത്തുന്നത്. ടീം യാത്രചെയ്യുന്ന സ്ഥലങ്ങളിലെല്ലാം സൗഹൃദത്തിന്റെ പറ്റില്‍ താമസവും മറ്റു സൗകര്യവും ഏര്‍പ്പെടുത്താന്‍ പത്രാധിപരായ മിറാജിന് കഴിയുന്നുണ്ട്. ഐലീഗിന് യോഗ്യത നേടിയപ്പോള്‍ ടീമിനെ സ്‌കോട്ട്‌ലാന്റിലും ജര്‍മനിയിലും പരിശീലനത്തിനയക്കാന്‍ കഴിഞ്ഞത് വലിയ കാര്യമായി ടീമുടമകള്‍ കരുതുന്നു. ബഹുരാഷ്ട്ര വസ്ത്ര പാദുക നിര്‍മാതാക്കളായ അഡിഡാസ് റിയല്‍ കശ്മീരിന്റെ ജഴ്‌സി സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തു കഴിഞ്ഞു. എങ്കിലും പരാധീനതകള്‍ അടുത്തെങ്ങും മാറുന്ന ലക്ഷണമില്ല. ‘മോഹന്‍ ബഗാന്റെ വാര്‍ഷിക ബഡ്ജറ്റ് എത്രയുണ്ടാകുമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാമോ? അതിന്റെ രണ്ടു ശതമാനമൊക്കെയേ ഞങ്ങളുടേത് കാണൂ…’ ഷമീം മിറാജ് പറയുന്നു.
***
ഇന്ത്യന്‍ പൊതുബോധത്തിന് കശ്മീര്‍ പലപ്പോഴും പ്രശ്‌നബാധിതമായ ഒരു അന്യരാജ്യമാണ്. ആട്ടിയോടിക്കപ്പെടുന്ന പണ്ഡിറ്റുകളെപ്പറ്റിയുള്ള പര്‍വതീകരിക്കപ്പെട്ട കഥകളാണെങ്ങും. പക്ഷേ, ഊതിവീര്‍പ്പിച്ച ആ മുന്‍വിധികളെ തകര്‍ക്കാന്‍ ഫുട്‌ബോളിന് കഴിയുമെന്ന് റിയല്‍ കശ്മീര്‍ തെളിയിക്കുന്നു.
‘ഞാനൊരു കശ്മീരി മുസ്ലിമാണ്. സന്ദീപ് കശ്മീരി പണ്ഡിറ്റും. ഞങ്ങളുടെ ടീമില്‍ ആഫ്രിക്കക്കാരുണ്ട്, സ്‌കോട്ട്‌ലാന്റുകാരുണ്ട്, ഹിന്ദുക്കളും മുസ്ലിംകളും ബുദ്ധമതക്കാരുമുണ്ട്.’ മിറാജിന്റെ വാക്കുകളില്‍ കശ്മീരിന്റെ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യവും ഫുട്‌ബോളിന്റെ മാന്ത്രികശേഷിയും പൂര്‍ണാര്‍ത്ഥത്തില്‍ പതിഫലിക്കുന്നുണ്ട്.
News
അറിയാത്ത നമ്പര്‍ വിളികള്‍ക്ക് ഇനി പരിഭ്രമം വേണ്ട: സിഎന്‍എപി സംവിധാനം കൊണ്ടുവരാന്‍ ട്രായ്
ഇനി ട്രൂകോളര്‍ പോലുള്ള മൂന്നാം കക്ഷി ആപ്പുകളില്‍ ആശ്രയിക്കാതെ തന്നെ, വിളിക്കുന്നയാളുടെ യഥാര്‍ത്ഥ പേര് നേരിട്ട് കാള്‍ സമയത്ത് മൊബൈലില്‍ പ്രത്യക്ഷപ്പെടും.
അറിയാത്ത നമ്പരുകളില്‍ നിന്നുള്ള ഫോണ്‍കോളുകള്‍ വഴി വഞ്ചിക്കപ്പെടുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍, ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുതിയ സംവിധാനവുമായി മുന്നോട്ട് വന്നു. ഇനി ട്രൂകോളര്‍ പോലുള്ള മൂന്നാം കക്ഷി ആപ്പുകളില്‍ ആശ്രയിക്കാതെ തന്നെ, വിളിക്കുന്നയാളുടെ യഥാര്‍ത്ഥ പേര് നേരിട്ട് കാള്‍ സമയത്ത് മൊബൈലില്‍ പ്രത്യക്ഷപ്പെടും.
കോളര്‍ നെയിം പ്രസെന്റഷന് (സിഎന്‍എപി) എന്നാണ് പുതിയ സംവിധാനത്തിന്റെ പേര്. രാജ്യത്തെ എല്ലാ ടെലികോം സേവനങ്ങളിലും 2026 മാര്‍ച്ചോടെ ഇത് നിര്‍ബന്ധമായും നടപ്പാക്കണമെന്ന് ടെലികോം വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വിശ്വാസ്യത വര്‍ധിപ്പിക്കുകയും തട്ടിപ്പ്, സ്പാം, ആള്‍മാറാട്ടം എന്നീ പ്രശ്നങ്ങള്‍ കുറയ്ക്കുകയും ചെയ്യുകയാണ് സംവിധാനത്തിന്റെ ലക്ഷ്യം. 4ജി
, 5ജി നെറ്റ്വര്ക്കുകളില് ചില നഗരങ്ങളിലെ പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയായതായി ട്രായ് അറിയിച്ചു.
നിലവില്‍ ട്രൂകോളര്‍ തുടങ്ങിയ ആപ്പുകള്‍ കാള്‍ ചെയ്യുന്നയാളുടെ പേര് പ്രദര്‍ശിപ്പിക്കുന്നുണ്ടെങ്കിലും, ഉപയോക്താവിന് ഇഷ്ടമുള്ള പേരിടാന്‍ സാധിക്കുന്നതിനാല്‍ അതിന് വിശ്വാസ്യതാ പ്രശ്നങ്ങളുണ്ട്. പക്ഷേ ഇചഅജ വഴി, സിം കണക്ഷന് എടുക്കുമ്പോള്‍ കെ.വൈ.സി അടിസ്ഥാനത്തില്‍ നല്കിയ സര്‍ക്കാര്‍ അംഗീകരിച്ച പേരാണ് കാള്‍ സമയത്ത് കാണുക.
സ്പാം കോളുകളും തട്ടിപ്പുകളും കാര്യമായി കുറയുമെന്നാണ് ട്രായിയുടെ പ്രതീക്ഷ. ഉപയോക്താക്കള്‍ക്ക് അപേക്ഷകളൊന്നും നല്‍കാതെ ഈ സേവനം ലഭ്യമാകും. അതേസമയം ഈ ഫീച്ചര്‍ ഉപയോഗിക്കാനില്ലെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഒഴിവാക്കാനുള്ള ഓപ്ഷന് ലഭ്യമായിരിക്കും.
News
നാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
സങ്കീര്‍ണമായ ഇമേജ് എഡിറ്റുകളും സ്വാഭാവിക ഭാഷ നിര്‍ദേശങ്ങളില്‍ നിന്ന് ദൃശ്യങ്ങള്‍ സൃഷ്ടിക്കുന്ന കഴിവുമാണ് ഇതിനെ ജനപ്രിയമാക്കിയത്.
ജെമിനിയുടെ ഇമേജ് ജനറേഷന് ടൂളായ നാനോ ബനാന പുറത്തിറങ്ങി മാസങ്ങള്‍കൊണ്ടുതന്നെ ഉപയോക്താക്കളെ ആകര്‍ഷിച്ചിരുന്നു. സങ്കീര്‍ണമായ ഇമേജ് എഡിറ്റുകളും സ്വാഭാവിക ഭാഷ നിര്‍ദേശങ്ങളില്‍ നിന്ന് ദൃശ്യങ്ങള്‍ സൃഷ്ടിക്കുന്ന കഴിവുമാണ് ഇതിനെ ജനപ്രിയമാക്കിയത്. ഇപ്പോള്‍ ഇതിന്റെ അടുത്ത പതിപ്പായ നാനോ ബനാന 2-നെക്കുറിച്ച് വലിയ പ്രതീക്ഷകളാണ്. പുറത്ത് വരുന്ന സൂചനകള്‍ പ്രകാരം പുതിയ പതിപ്പിന്റെ ഔദ്യോഗിക ലോഞ്ചിങ് ഉടന്‍ നടക്കാനാണ് സാധ്യത.
പ്രതീക്ഷ ഉയര്‍ത്തിയത്, കഴിഞ്ഞ ദിവസങ്ങളില്‍ ചില ഉപയോക്താക്കള്‍ക്ക് നാനോ ബനാന 2 ഉപയോഗിക്കാന്‍ കഴിഞ്ഞതും അവര്‍ സൃഷ്ടിച്ച ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തതുമാണ്. എന്നാല്‍ ലോഞ്ചിങ് തീയതിയെക്കുറിച്ച് ഗൂഗിള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ജെമിനി 2.5 ഫ്ലാഷ് മോഡലിന്റെ തുടര്‍ച്ചയായ നാനോ ബനാന 2 ചിത്രങ്ങളുടെ കൃത്യത, റെന്‍ഡറിങ് ഗുണനിലവാരം, ഇന്‍ഫോഗ്രാഫിക്സ്, ചാര്‍ട്ടുകള്‍, നിര്‍ദ്ദേശങ്ങള്‍ പിന്തുടരല് തുടങ്ങിയ മേഖലകളില്‍ വലിയ പരിഷ്കാരങ്ങളോടെയാണ് വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉയര്‍ന്ന റെസല്യൂഷന്‍ ഡൗണ്‍ലോഡുകളും ഒന്നിലധികം വീക്ഷണാനുപാതങ്ങളും (9:16, 16:9 എന്നിവ) പിന്തുണയ്ക്കുന്ന പുതിയ പതിപ്പ് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്കും പ്രൊഫഷണല്‍ അവതരണങ്ങള്‍ക്കും കൂടുതല്‍ അനുയോജ്യമാകും.
പുതിയ മോഡലില്‍ ചിത്ര നിര്‍മ്മാണം പല ഘട്ടങ്ങളിലായാണ് നടക്കുകപ്ലാന്‍ ചെയ്യല്‍, വിലയിരുത്തല്‍, സ്വയം അവലോകനം എന്നിവയിലൂടെ അന്തിമ ചിത്രം കൂടുതല്‍ യാഥാര്‍ഥ്യത്തോടും കൃത്യതയോടും കൂടി ലഭ്യമാക്കും. നാനോ ബനാന 2 ജെമിനി 3 പ്രോ ഇമേജ് മോഡലിലാണ് പ്രവര്‍ത്തിക്കുന്നത്.
പ്രശസ്തരുടേതടക്കം ഉയര്‍ന്ന കൃത്യതയുള്ള ചിത്രങ്ങള്‍ സൃഷ്ടിക്കാനും വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ ക്രിയേറ്റീവ് പ്രോംപ്റ്റുകള്‍ ഉപയോഗിച്ച് അവയെ ഇഷ്ടാനുസൃതമാക്കാനും നാനോ ബനാന 2 സഹായിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉപയോക്താക്കളുടെ ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാനായി ‘എഡിറ്റ് വിത്ത് ജെമിനി’ എന്ന ഫീച്ചറും ലഭ്യമാകും.
kerala
മത്സരിക്കാന്‍ ആകുമോ എന്നത് രണ്ടാമത്തെ കാര്യം, പിന്നില്‍ വേറെയും ആളുകളുണ്ടാകും; വൈഷ്ണ
“25 വര്‍ഷമായി സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റാണ് മുട്ടട. അതിന്റെ ഭാഗമായായിരിക്കും ഇത്തരം സംഭവങ്ങള്‍ ഉണ്ടായത്”
തിരുവനന്തപുരം: സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്തെന്ന വിവരം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മുട്ടട യുഡിഎഫ് സ്ഥാനാര്‍ഥിയായി തീരുമാനിച്ചിരുന്ന വൈഷ്ണ. മാധ്യമങ്ങളിലൂടെയാണ് താന്‍ കാര്യങ്ങള്‍ അറിഞ്ഞത്. മറ്റു കാര്യങ്ങള്‍ പാര്‍ട്ടി നോക്കുമെന്നും മത്സരിക്കാന്‍ കഴിയുമോ ഇല്ലയോ എന്നുള്ളത് രണ്ടാമത്തെ കാര്യമാണെന്നും വൈഷ്ണ പറഞ്ഞു.
പരാതിപ്പെട്ടത് സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗം ആണെങ്കിലും അത് അദേഹത്തിന്റെ പരാതി മാത്രം ആയി കാണുന്നില്ല. മറ്റു ആളുകളും ഇതിന് പിന്നില്‍ കാണും. ആദ്യം മുതല്‍ ജയിക്കും എന്ന ഒരു ട്രെന്‍ഡ് വന്നിട്ടുണ്ടായിരുന്നു. 25 വര്‍ഷമായി സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റാണ് മുട്ടട. അതിന്റെ ഭാഗമായായിരിക്കും ഇത്തരം സംഭവങ്ങള്‍ ഉണ്ടായതെന്നും വൈഷ്ണ പ്രതികരിച്ചു.
കോടതിയെ സമീപിക്കണോ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കണമോ എന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും വൈഷ്ണ വ്യക്തമാക്കി.
അതേസമയം, പരാതിക്കാരനായ ധനേഷ് കുമാര്‍ അയാളുടെ വിലാസത്തില്‍ 20 പേരുടെ വോട്ട് ചേര്‍ത്തിട്ടുണ്ടെന്ന് ഡിസിസി ഭാരവാഹി മുട്ടട അജിത് പറഞ്ഞു. മുട്ടട വാര്‍ഡിലെ അഞ്ചാം നമ്പര്‍ ബൂത്തില്‍ ആണ് വോട്ട് ചേര്‍ത്തത്. രണ്ടു മുറി വീട്ടില്‍ എങ്ങനെയാണ് 20 പേര് താമസിക്കുക എന്നും ഇതിനെതിരെയും കോടതിയെ സമീപിക്കുമെന്നും അജിത് കൂട്ടിച്ചേര്‍ത്തു.
-
GULF10 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
Video Stories22 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
-
News2 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം

