മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ആള്‍ മാഡ്രിഡ് സെമിഫൈനലിന്റെ ആകാംക്ഷ റയല്‍ മാഡ്രിഡ് രണ്ടാം പാദത്തിലേക്കു വെച്ചില്ല. സാന്റിയാഗോ ബെര്‍ണാബുവില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ഹാട്രിക്കോടെ അത്‌ലറ്റികോ മാഡ്രിഡിനെ 3-0 ന് നിലംപരിശാക്കിയ സിദാന്റെ പട ഫൈനല്‍ പ്രവേശം ഏറെക്കുറെ ഉറപ്പിച്ചു. സമീപകാലത്തെ ഫോം നഷ്ടത്തിന്റെ പേരുദോഷമകറ്റിയ ക്രിസ്റ്റിയാനോ ഈ വര്‍ഷത്തെ ബാളന്‍ ഡിഓറിലും തനിക്കു കണ്ണുണ്ടെന്നു വ്യക്തമാക്കിയപ്പോള്‍ സമ്പൂര്‍ണ ആധിപത്യത്തോടെയായിരുന്നു റയലിന്റെ ജയം.

പോര്‍വീര്യത്തിന് പേരുകേട്ട ഡീഗോ സിമിയോണിയുടെ ടീമിന്റെ എല്ലാ ദൗര്‍ബല്യങ്ങളും തുറന്നുകാട്ടിയാണ് റയല്‍ സ്വന്തം തട്ടകത്തില്‍ പോര് ജയിച്ചത്. അടുത്ത വ്യാഴാഴ്ച നടക്കുന്ന രണ്ടാം പാദത്തില്‍ അത്യത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ അവര്‍ കലാശപ്പോരില്‍ യുവന്തസിനെയോ മൊണാക്കോയെയോ നേരിടും.
റയലിനെ അവരുടെ തട്ടകത്തില്‍ ബുദ്ധിമുട്ടിക്കുന്നതില്‍ പേരുകേട്ട ടീമായിരുന്നു മത്സരം തുടങ്ങുന്നതു വരെ അത്‌ലറ്റികോ. എന്നാല്‍ 77,609 കാണികളുടെ ആരവങ്ങള്‍ക്കൊപ്പം പന്തുതട്ടിയ റയല്‍ തുടക്കം മുതലേ കളി കയ്യിലെടുത്തു. സിമിയോണിയുടെ തന്ത്രങ്ങള്‍ക്ക് സിദാനൊരുക്കിയ മറുപടി വെള്ളക്കുപ്പായക്കാര്‍ നടപ്പില്‍ വരുത്തിയതോടെ പത്താം മിനുട്ടില്‍ തന്നെ ആദ്യ ഗോള്‍ പിറന്നു. ടോണി ക്രൂസിന്റെ കോര്‍ണര്‍ കിക്ക് ക്ലിയര്‍ ചെയ്ത അത്‌ലറ്റികോ പ്രതിരോധത്തിന് ശ്വാസം വിടാന്‍ സമയം കിട്ടുന്നതിനു മുമ്പു തന്നെ വലതുഭാഗത്തുനിന്ന് കാസമീറോയുടെ ഹാഫ് വോളി ബോക്‌സിലേക്ക്. കുത്തിയുയര്‍ന്ന പന്ത് തലപ്പാകം വന്നപ്പോള്‍ സ്‌റ്റെഫാന്‍ സാവിച്ചിന്റെ പ്രതിരോധം വകവെക്കാതെ ക്രിസ്റ്റിയാനോ തകര്‍പ്പന്‍ ഹെഡ്ഡറുതിര്‍ത്തു. യാന്‍ ഓബ്ലക്കിന് പ്രതികരിക്കാന്‍ സമയം കിട്ടുംമുമ്പേ പന്ത് വലകുലുക്കി. (1-0).
തുടക്കത്തില്‍ വീണ ഗോളിന്റെ ക്ഷീണമകറ്റാന്‍ അത്‌ലറ്റികോയ്ക്ക് റയല്‍ അവസരങ്ങള്‍ നല്‍കിയതേയില്ല. 16-ാം മിനുട്ടില്‍ റാഫേല്‍ വരാനിലൂടെ ഭീഷണിയുയര്‍ത്തിയ റയല്‍ സന്ദര്‍ശകരുടെ ആക്രമങ്ങളെല്ലാം മൈതാനമധ്യത്ത് മുറിച്ചിട്ടു. ബെന്‍സേമ മികച്ച അവസരങ്ങല്‍ പാഴാക്കില്ലായിരുന്നെങ്കില്‍ ആദ്യപകുതിക്ക് പിരിയുംമുമ്പേ കളിയുടെ ഹരം റയല്‍ തീര്‍ത്തു കളഞ്ഞേനെ.
രണ്ടാം പകുതിയില്‍ അതിവേഗ നീക്കങ്ങളുമായി അത്‌ലറ്റികോ സമ്മര്‍ദം ചെലുത്തിയപ്പോള്‍ കളി ആവേശപൂര്‍ണമായി. എങ്കിലും മുന്‍നിരയില്‍ അത്‌ലറ്റികോയുടെ ദൗര്‍ബല്യം തുറന്നുകാട്ടുന്നതില്‍ റയല്‍ പ്രതിരോധം പൂര്‍ണമായി വിജയിച്ചു. ഒരു തവണ റയല്‍ കീപ്പര്‍ കെയ്‌ലര്‍ നവാസിനെ പരീക്ഷിക്കാന്‍ കഴിഞ്ഞു എന്നതൊഴിച്ചാല്‍ അത്‌ലറ്റികോയുടെ ആക്രമങ്ങളെല്ലാം ദുര്‍ബലമായിരുന്നു. ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ കാസമീറോയുടെ അധ്വാനവും പ്രതിരോധത്തില്‍ വരാന്റെയും റാമോസിന്റെയും മികവും അത്‌ലറ്റിയെ ഗോള്‍ മേഖലയില്‍ നിന്ന് അകറ്റിനിര്‍ത്തി.എങ്ങനെയും ഗോള്‍ തിരിച്ചടിക്കണമെന്ന വാശിയില്‍ സിമിയോണി കെവിന്‍ ഗമീറോയെയും സൗളിനെയും പിന്‍വലിച്ചത് അത്‌ലറ്റിയോയുടെ മൂര്‍ച്ച കുറച്ചു. പകരമെത്തിയ ടോറസും എയ്ഞ്ചല്‍ കൊറിയയും പന്ത് കിട്ടാതെ വിഷമിച്ചപ്പോള്‍ 73-ാം മിനുട്ടില്‍ ക്രിസ്റ്റിയാനോ ലീഡ് വര്‍ധിപ്പിച്ചു. ക്രിസ്റ്റിയാനോയും ബെന്‍സേമയും ചേര്‍ന്നുള്ള ഇരട്ട ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടെ അത്‌ലറ്റിയുടെ വിശ്വസ്ത ഡിഫന്റര്‍മാരായ ഡീഗോ ഗോഡിനും ഫിലിപ് ലൂയിസും കാല്‍വഴുതി വീണപ്പോള്‍ വെടിയുണ്ട കണക്കെയുള്ള വോളിയിലൂടെ റൊണാള്‍ഡോ വലതുളച്ചു. (2-0).എവേ ഗോളിനു വേണ്ടിയുള്ള സന്ദര്‍ശകരുടെ അധ്വാനത്തിനിടെ 86-ാം മിനുട്ടില്‍ പോര്‍ച്ചുഗീസ് താരം പട്ടിക പൂര്‍ത്തിയാക്കി. ക്രിസ്റ്റ്യാനോയില്‍ നിന്ന് പന്തുവാങ്ങിയ ബോക്‌സിനുള്ളിലൂടെ കുതിച്ചുപാഞ്ഞ ലൂകാസ് വാസ്‌ക്വെസ് ആയിരുന്നു ഗോളിന്റെ ശില്‍പി. ഔട്ട്‌ലൈനില്‍ നിന്ന് വാസ്‌ക്വെസ് പിന്നോട്ടു നല്‍കി പന്ത് നിയന്ത്രിച്ച് കുറ്റമറ്റ ഫിനിഷിങിലൂടെ ക്രിസ്റ്റ്യാനോ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ രണ്ടാം ഹാട്രിക്കും എട്ടാം ഗോളും നേടി.