kerala

റെക്കോര്‍ഡിട്ട് സ്വര്‍ണ വില; പവന്‍ ഒരു ലക്ഷത്തിലേക്കോ?

By webdesk17

October 15, 2025

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 11,815 രൂപയിലെത്തി. അതേസമയം പവന് 400 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 94,520 രൂപയിലെത്തി. പുതിയ റെക്കോര്‍ഡാണിത്. ഇന്നത്തെ വിലയോടെ ഒരു പവന് ഒരു ലക്ഷത്തിലേക്കുള്ള ദൂരം 5,480 രൂപ മാത്രമാണ്.

രാജ്യാന്തര സ്വര്‍ണ വില 4191.50 ഡോളറിലെത്തി പുതിയ റെക്കോര്‍ഡിട്ടു. 4,174.10 ഡോളറിലാണ് നിലവില്‍ വ്യാപാരം. അതേസമയം, രൂപ ഡോളറിനെതിരെ 52 പൈസ നേട്ടത്തിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. പലിശ നിരക്ക് കുറയ്ക്കുമെന്ന ഫെഡ് ചെയര്‍മാന്‍ ജെറോം പവലിന്റെ സൂചനയ്ക്ക് പിന്നാലെ ഡോളര്‍ സൂചിക ഇടിഞ്ഞത് രൂപയ്ക്ക് നേട്ടമായി. ഇന്നലെ 88.79 നിലവാരത്തില്‍ ക്ലോസ് ചെയ്ത രൂപ ഇന്ന് 88.27 നിലവാരത്തിലാണ് വ്യാപാരം തുടങ്ങിയത്.

ആഗോള രാഷ്ട്രീയ സാഹചര്യങ്ങളില്‍ സ്വര്‍ണത്തിന് സുരക്ഷിത നിക്ഷേപം എന്ന നിലയ്ക്ക് ഡിമാന്റ് ഉയര്‍ന്നതാണ് രാജ്യാന്തര വിലയെ മുന്നോട്ട് നയിക്കുന്നത്. യു.എസ് ഫെഡറല്‍ റിസര്‍വ് ഇനിയും പലിശ കുറയ്ക്കുമെന്ന പ്രതീക്ഷയും യു.എസ്- ചൈന വ്യാപാര ബന്ധത്തിലെ പുതിയ ആശങ്കകളുമാണ് നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണത്തിന് ഊര്‍ജമാകുന്നത്. സ്വര്‍ണ ഇടിഎഫിലേക്കുള്ള തുടര്‍ച്ചയായ നിക്ഷേപവും സെന്‍ട്രല്‍ ബാങ്കുകളുടെ തുടര്‍ച്ചയായ വാങ്ങലും വിലയെ സ്വാധീനിക്കുന്നുണ്ട്.