kerala

നിലമ്പൂര്‍ തേക്ക് ലേലത്തില്‍ റെക്കോര്‍ഡ് വില; രണ്ട് കഷ്ണങ്ങള്‍ക്ക് 31.85 ലക്ഷം

By webdesk18

December 21, 2025

മലപ്പുറം: വനംവകുപ്പിന്റെ നിലമ്പൂര്‍ അരുവാക്കോട് സെന്‍ട്രല്‍ ഡിപ്പോയില്‍ നടന്ന ഇ-ലേലത്തില്‍ തേക്ക് തടികള്‍ക്ക് സംസ്ഥാനത്ത് ഇതുവരെ കാണാത്ത റെക്കോര്‍ഡ് വില. ഒരേ തേക്കുതടിയുടെ രണ്ട് കഷ്ണങ്ങള്‍ക്കായി നികുതി ഉള്‍പ്പെടെ 31,85,828 രൂപയാണ് ലഭിച്ചത്.

ബി കയറ്റുമതി ഇനത്തില്‍പ്പെട്ട 1.836 ഘനമീറ്റര്‍ തേക്ക് തടിക്ക് ഘനമീറ്ററിന് 5,43,000 രൂപ നിരക്കില്‍ 9,96,948 രൂപ ലഭിച്ചു. ജിഎസ്ടി ഉള്‍പ്പെടെ 26.5 ശതമാനം നികുതി ചേര്‍ത്തതോടെ ഒറ്റ കഷ്ണത്തിന്റെ വില 12,59,922 രൂപയായി. സി ക്ലാസ് കയറ്റുമതി ഇനത്തില്‍പ്പെട്ട 2.925 ഘനമീറ്റര്‍ തേക്ക് തടിക്ക് ഘനമീറ്ററിന് 5,21,000 രൂപ നിരക്കില്‍ 15,23,925 രൂപ ലഭിച്ചു. നികുതി ഉള്‍പ്പെടെ ഇതിന്റെ അന്തിമ വില 19,25,906 രൂപയായി. ഇതടക്കമാണ് വനംവകുപ്പിന് മൊത്തം 31,85,828 രൂപ ലഭിച്ചത്.

വഴിക്കടവ് റേഞ്ചിലെ നെല്ലിക്കുത്ത് വനം സ്റ്റേഷന്‍ പരിധിയില്‍ പുഞ്ചക്കൊല്ലി ആദിവാസി നഗറിനുസമീപം ഭീഷണിയായി നിന്നിരുന്ന 100 വര്‍ഷത്തിലേറെ പഴക്കമുള്ള തേക്കുതടിയാണ് മുറിച്ച് അരുവാക്കോട് ഡിപ്പോയില്‍ ലേലത്തിന് വച്ചത്. കഴിഞ്ഞ ദിവസം നടന്ന ഇ-ലേലത്തില്‍ ക്ഷേത്ര നിര്‍മാണത്തിനായി ഗുജറാത്തിലെ ഒരു സ്ഥാപനം ബി കയറ്റുമതി ഇനത്തിലെ തേക്ക് സ്വന്തമാക്കി. വീട് നിര്‍മാണത്തിനായി സി കയറ്റുമതി ഇനത്തിലെ തേക്ക് തടിയാണ് തമിഴ്‌നാട് സ്വദേശി കൈവശമാക്കിയത്.