News

ആഗോള ആയുധവില്‍പ്പനയില്‍ റെക്കോര്‍ഡ് ഉയര്‍ച്ച

By webdesk18

December 01, 2025

സ്റ്റോക്‌ഹോം: ഗസ്സയിലെ യുദ്ധവും യുക്രൈന്‍-റഷ്യ സംഘര്‍ഷവും തുടരുന്ന സാഹചര്യത്തില്‍ ആഗോളതലത്തില്‍ ആയുധ വില്‍പ്പനയില്‍ വന്‍ വര്‍ധനയുണ്ടായതായി സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച്ിന്‍സ്റ്റിട്ട്യൂട്ട് (SIPRI) റിപ്പോര്‍ട്ട് ചെയ്തു. 2024-ല്‍ ലോകമെമ്പാടുമുള്ള ആയുധ നിര്‍മ്മാണ കമ്പനികള്‍ ചേര്‍ന്ന് 679 മില്യണ്‍ ഡോളറിലധികം ലാഭം രേഖപ്പെടുത്തി.

ഇസ്രാഈല്‍ ഗസ്സയില്‍ നടത്തിയ ആക്രമണവും ഫലസ്തീനില്‍ നടന്ന വംശഹത്യയും, യുക്രൈന്‍ യുദ്ധവും, കൂടാതെ മറ്റു പ്രാദേശിക സംഘര്‍ഷങ്ങളും കൂട്ടി ആയുധ നിര്‍മാണ, വിതരണ മേഖലയില്‍ വലിയ വളര്‍ച്ചയാണ് കണ്ടത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 5.9 ശതമാനം വളര്‍ച്ച ആയുധ ആവശ്യത്തില്‍ ഉണ്ടായതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ആയുധ വില്‍പ്പനയില്‍ ഏറ്റവും കൂടുതല്‍ നേട്ടം കൊയ്യുന്നത് യൂറോപ്പും അമേരിക്കയും ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനികളാണ്. ഏഷ്യയും ഓഷ്യാനിയയും-ചൈനീസ് ആയുധ വ്യവസായവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണം-മാറ്റിനിര്‍ത്തിയാല്‍ ബാക്കിയുള്ള കമ്പനികള്‍ക്കും മുന്‍വര്‍ഷങ്ങളിലേതുപോലെ സ്ഥിരമായ വളര്‍ച്ച രേഖപ്പെടുത്തി.

യുഎസിലെ ലോഖീഡ് മാര്‍ട്ടിന്‍, നോര്‍ത്ത്റോപ്പ് ഗ്രമ്മന്‍, ജനറല്‍ ഡൈനാമിക്‌സ് എന്നിവയാണ് നേട്ടത്തില്‍ മുന്നില്‍. ആഗോള തലത്തിലെ മികച്ച 100 ആയുധ കമ്പനികള്‍ ചേര്‍ന്ന് 3.8 ശതമാനം ലാഭവര്‍ധന കൈവരിച്ചു. യുഎസിലെ 39 പ്രമുഖ ആയുധനിര്‍മാണ കമ്പനികളില്‍ 30 എണ്ണം ഇത്തവണയും നേട്ടക്കാരുടെ പട്ടികയില്‍ ഇടം നേടി.

ആഗോള സൈനിക നിര്‍മ്മാണരംഗത്ത് ഇലോണ്‍ മസ്‌കിന്റെ SpaceX കൂടി ആദ്യമായി ഉയര്‍ന്ന നിലയില്‍ പ്രവേശിച്ചു. 2023-ല്‍ ഉണ്ടായ വരുമാന ഇരട്ടിയിലൂടെയാണ് കമ്പനിക്ക് ഇത്തവണ ലിസ്റ്റില്‍ പ്രകടമായ ഉയര്‍ച്ച നേടാനായത്.

SIPRI കണക്കുകള്‍ പ്രകാരം ചരിത്രത്തില്‍ ആദ്യമായി മികച്ച 100 ആയുധ കമ്പനികളിലെ മുന്നിലെ ഒമ്പത് സ്ഥാനങ്ങളിലും പാശ്ചാത്യ രാജ്യങ്ങള്‍ ഇടം നേടി.

ഗസ്സയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് ഇസ്രാഈലി ആയുധക്കമ്പനികള്‍ ചേര്‍ന്ന് 16 ശതമാനം ലാഭം രേഖപ്പെടുത്തി. ഇസ്രാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ 70,000-ത്തിലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.