Cricket

ഇന്ത്യ-ഓസ്‌ട്രേലിയ സെമി ഫൈനലിന് റെക്കോർഡ് കാഴ്ചക്കാർ

By webdesk13

March 05, 2025

തുല്യ ശക്തികള്‍ ഏറ്റുമുട്ടിയ ഇന്ത്യ-ഓസ്ട്രേലിയ ചാംപ്യന്‍സ് ട്രോഫി സെമി ഫൈനല്‍ മത്സരം ഓണ്‍ലൈന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ജിയോ ഹോട്ട്സ്റ്റാറിലൂടെ കണ്ടത് റെക്കോര്‍ഡ് പ്രേക്ഷകര്‍. 66.9 കോടി പ്രേക്ഷകരാണ് ജിയോ ഹോട്ട് സ്റ്റാറിലൂടെ ആദ്യ സെമി ഫൈനല്‍ ലൈവായി കണ്ടത്. ഈ ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിലെ ഏറ്റവും ഗ്ലാമര്‍ പോരാട്ടമായി കണക്കാക്കിയിരുന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരദിവസത്തെ റെക്കോര്‍ഡാണ് ഇതോടെ തകര്‍ത്തത്.

ഇന്ത്യ-പാകിസ്ഥാനെ തോല്‍പ്പിച്ച ഗ്രൂപ്പ് എയിലെ മത്സരത്തിന് 61.1 കോടി കാഴ്ചക്കാരുണ്ടായിരുന്നു. ഈ രണ്ട് മത്സരങ്ങളും ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ചാണ് നടന്നത്. 2023ലെ ഐപിഎല്‍ ഫൈനല്‍ ജിയോ സിനിമയിലൂടെ 62 കോടി ആളുകള്‍ കണ്ടതാണ് ഈ വിഭാഗത്തില്‍ ഇതുവരെയുണ്ടായിരുന്ന സര്‍വകാല റെക്കോര്‍ഡ്. 2023ല്‍ നടന്ന ഇന്ത്യ-പാകിസ്ഥാന്‍ മാച്ച് ടെലിവിഷനിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലുമായി, 39.8 കോടി ആളുകള്‍ കണ്ട സ്ഥാനത്താണ് ഈ വന്‍ വര്‍ധന രേഖപ്പെടുത്തിയത്. BARC ഡാറ്റ പ്രകാരം, ആ മത്സരത്തില്‍ 17.3 കോടി ടിവി കാഴ്ചക്കാരും 22.5 കോടി ഡിജിറ്റല്‍ കാഴ്ചക്കാര്‍ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലും ഉണ്ടായിരുന്നു.

2017ലെ ഇന്ത്യ-പാകിസ്ഥാന്‍ ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ മത്സരം ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ കണ്ടത് 40 കോടി പേരാണ്. അതേ ടൂര്‍ണമെന്റിലെ ഇന്ത്യ-പാകിസ്ഥാന്‍ ഗ്രൂപ്പ് ഘട്ട മത്സരം കണ്ടത് 32.4 പേരാണ്. 2011ലെ ഇന്ത്യ-ഓസ്‌ട്രേലിയ ലോകകപ്പ് സെമി ഫൈനല്‍ മാച്ചാണ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ ഇതുവരെ ഏറ്റവുമധികം പേര്‍ കണ്ട മത്സരം. അന്ന് 49.5 കോടി പേരാണ് ഇന്ത്യയുടെ മത്സരം കണ്ടത്.