Video Stories

‘വർഗ്ഗവഞ്ചകരെ ഒരു കാരണവശാലും ഇനിയും പാർട്ടിയില്‍ വെച്ചു പൊറുപ്പിക്കരുത്’;പി ശശിക്കെതിരെ റെഡ് ആര്‍മി

By webdesk13

September 05, 2024

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ ‘റെഡ് ആര്‍മി’. ഇക്കാലമത്രയും പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ കുപ്പായത്തിന്റെ ബലത്തില്‍ മുഖ്യമന്ത്രിയുടെ അരികു പറ്റി നടന്ന് പാര്‍ട്ടിയുടെ അടിവേര് പിഴുതെറിയാന്‍ ശ്രമിച്ചയാളാണ് പി ശശിയെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ റെഡ് ആര്‍മി വിമര്‍ശിച്ചു.

ഉദ്യോഗസ്ഥര്‍ക്ക് ഓശാന പാടിയ വര്‍ഗ്ഗവഞ്ചകരെ ഇനിയും ഒരു കാരണവശാലും ആ സ്ഥാനത്ത് തുടരാന്‍ അനുവദിക്കുകയോ പാര്‍ട്ടിയില്‍ സ്ഥാനം നല്‍കുകയോ ചെയ്യരുതെന്ന് റെഡ് ആര്‍മി പറഞ്ഞു. നേരത്തെ പിജെ ആര്‍മി എന്ന പേരില്‍ തുടങ്ങിയ ഫേസ്ബുക്ക് പേജാണ് പേര് മാറ്റി റെഡ് ആര്‍മിയാക്കിയത്.

‘ഈ കാലമത്രയും പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ കുപ്പായത്തിന്റെ ബലത്തില്‍ മുഖ്യമന്ത്രിയുടെ അരികുപറ്റി നടന്ന് പാര്‍ട്ടിയുടെ അടിവേര് പിഴുതെറിയാന്‍ ഇറങ്ങി തിരിച്ച എഡിജിപി അജിത് കുമാറിനെ പോലുള്ള പൊലീസ് ക്രിമിനലുകള്‍ക്കൊപ്പം ചേര്‍ന്ന് എസ്എഫ്ഐ, ഡിവൈഎഫ്ഐ സഖാക്കളെ, പാര്‍ട്ടീ സജീവ പ്രവര്‍ത്തനം നടത്തുന്ന പൊതുപ്രവര്‍ത്തകരെ, തെരുവിലും പൊലീസ്സ്റ്റേഷനുകളിലും പൊലീസ് തല്ലി ചതക്കുന്നതിന്, കള്ളകേസില്‍ കുടുക്കി ജയിലില്‍ അടക്കുന്നതിന്, ഇതുവരെയും പൊലീസിന് എല്ലാ സ്വാതന്ത്യവും അനുവദിച്ചു കൊടുത്ത, സ്വര്‍ണ്ണകടത്തും കൊലപാതകവും അടക്കം എഡിജിപിയുടെ നേതൃത്വത്തില്‍ ചെയ്തു കൂട്ടിയ ക്രിമിനല്‍ ചെയ്തികള്‍ക്ക് മൗനാനുവാദം നല്‍കിയ, പൊലീസിലെ ക്രിമിനലുകളായ ഉദ്യോഗസ്ഥരെ ജനങ്ങളുടെ മേല്‍ അകാരണമായി കുതിരകേറാന്‍ നിരുപാധികം അഴിച്ചുവിട്ടുകൊണ്ട് ഈ സര്‍ക്കാരിനെയും പാര്‍ട്ടിയെയും പൊതുജനങ്ങള്‍ക്ക് മുന്നില്‍ അങ്ങേയറ്റം അവഹേളിക്കുന്ന സാഹചര്യങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ക്ക് ഓശാനപാടിയ ഇതുപോലുള്ള വര്‍ഗ്ഗവഞ്ചകരെ ഇനിയും ഒരു കാരണവശാലും ആ സ്ഥാനത്ത് തുടരാന്‍ അല്ലെങ്കില്‍ പാര്‍ട്ടിയില്‍ തന്നെ വെച്ചു പൊറുപ്പിക്കരുത്,’ എഫ്ബി പോസ്റ്റില്‍ പറയുന്നു.