കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് റീല്‍ ചിത്രീകരണങ്ങള്‍ നടത്തുന്ന പ്രവണതക്കെതിരെ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കി. വിദ്യാര്‍ത്ഥികളുടെ സ്വകാര്യതയെ അവഗണിച്ച് ചിത്രീകരിക്കുന്ന റീലുകള്‍ക്ക് നിയന്ത്രണം വേണമെന്നാണ് ആവശ്യം. കോഴിക്കോട് സ്വദേശിയായ സാമൂഹിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ മുഹമ്മദലി കിനാലൂരാണ് പരാതി നല്‍കിയത്.
അധ്യാപകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്ന റീലുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമാകുന്ന സാഹചര്യത്തിലാണ് പരാതി. വിദ്യാര്‍ത്ഥികളുടെ സ്വകാര്യത മാനിക്കാതെ നടക്കുന്ന ഈ പ്രവര്‍ത്തനം അമിതാധികാര പ്രയോഗമാണെന്നും, കുട്ടികളില്‍ മൊബൈല്‍ അഡിക്ഷന്‍ വളര്‍ത്തുന്നുവെന്നുമാണ് മുഹമ്മദലി കിനാലൂരിന്റെ ആരോപണം.
2022-ല്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കും ഈ പ്രവണത വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കിയതിനു പുറമേ ബാലാവകാശ കമ്മീഷനെയും സമീപിക്കാനാണ് തീരുമാനം.
റീല്‍ ചിത്രീകരണത്തെ അനുകൂലിച്ചും എതിര്‍ത്തും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ തുടരുകയാണ്.