മുണ്ടക്കൈ – ചൂരല്‍മലയില്‍ ദുരന്ത ബാധിതരുടെ പ്രതിഷേധത്തില്‍ സംഘര്‍ഷം. ദുരന്തഭൂമിയില്‍ കുടില്‍കെട്ടി സമരം നടത്താനുള്ള നീക്കം പൊലീസ് തടഞ്ഞതോടെ സംഘര്‍ഷമുണ്ടായി. പുനരധിവാസം വൈകുന്നതുമായി ബന്ധപ്പെട്ടാണ് ദുരന്ത ബാധിതര്‍ പ്രതിഷേധിക്കുന്നത്.
അതേസമയം ബെയ്‌ലി പാലം കടക്കാന്‍ ഇവരെ അനുവദിക്കില്ലെന്നാണ് പൊലീസ് പറയുന്നതെങ്കിലും തങ്ങളുടെ പേരിലുള്ള സ്ഥലത്തേയ്ക്ക് പോകണമെന്ന വാദത്തിലാണ് സമരക്കാര്‍. നിരാഹാരസമരമടക്കമുള്ള പ്രതിഷേധങ്ങള്‍ ഉടനുണ്ടാകുമെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. കളക്ടറേറ്റില്‍ കുടുംബസമേതം പോയി സമരം ചെയ്യുമെന്നും സമരക്കാര്‍ പ്രതികരിച്ചു.
ഇന്ന് പുറത്തിറങ്ങിയ രണ്ടാം പട്ടികയില്‍ പോലും പേരില്ലെന്നും ദുരന്തത്തില്‍ എല്ലാം നഷ്ട്ടപെട്ടിട്ടും സര്‍ക്കാര്‍ പോലും തഴയുന്നുവെന്നും പ്രതിഷേധക്കാര്‍ പറയുന്നു. പ്രതിഷേധത്തില്‍ പൊലീസ് സംഘര്‍ഷമുണ്ടായി. ജില്ലാ കളക്ടര്‍ എത്തണമെന്നും തങ്ങളുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാതെ പിന്മാറില്ലെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു.
ചൂരല്‍മല മുണ്ടക്കൈ ദുരന്ത മേഖലയില്‍ നോ ഗോസോണ്‍ പ്രദേശത്തെ രണ്ടാം കരട് പട്ടികയില്‍ 81 കുടുംബങ്ങളാണ് ഉള്‍പ്പെട്ടത്. പത്താം വാര്‍ഡില്‍ 42, പതിനൊന്നാം വാര്‍ഡില്‍ 29, പന്ത്രണ്ടാം വാര്‍ഡില്‍ 10 കുടുംബങ്ങളാണ് പട്ടികയിലുള്ളത്. ഒന്നാം ഘട്ട പട്ടികയില്‍ പൂര്‍ണമായി തകര്‍ന്ന 242 വീടുകളാണ് ഉണ്ടായിരുന്നത്. തുടര്‍ ചികിത്സ. ടൗണ്‍ ഷിപ്പിങ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ദുരന്ത ബാധിതരുടെ കൂട്ടായ്മ സമരം നടത്തുന്നത്. രണ്ട് ടൗണ്‍ ഷിപ്പ് ഏറ്റെടുക്കാമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍ അതില്‍ ഒന്ന് മാത്രമേ എടുക്കു എന്നുള്ള സൂചനകള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതും സമരത്തിന് മൂര്‍ച്ചകൂട്ടുന്നു. ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് 5 സെന്റ് ഭൂമി മാത്രം നല്‍കുന്നതില്‍ പ്രതിഷേധമുയരുന്നു. 10 സെന്റ് വേണമെന്നാണ് ദുരന്ത ബാധിതരുടെ ആവശ്യം. ദുരന്തം പിന്നിട്ട് 7 മാസങ്ങള്‍ കഴിഞ്ഞിട്ടും പുനരധിവാസം നടന്നിട്ടില്ല. പലരും വാടക വീടുകളിലും ബന്ധു വീടുകളിലുമാണ് ഇപ്പോഴും താമസം.