News

20 വര്‍ഷത്തെ ഇരുട്ടുജീവിതത്തിന് ശേഷം മോചനം; ആറാം വയസിലെ വധഭീഷണിയില്‍ പേടി കൊണ്ട് മകളെ അടച്ചിട്ട പിതാവ്

By webdesk17

December 05, 2025

റായ്പ്പൂര്‍: ആറാം വയസില്‍ നേരിട്ട വധഭീഷണിയുടെ പേടിയില്‍, ലിസ എന്ന പെണ്‍കുട്ടിയെ പിതാവ് 20 വര്‍ഷത്തോളം വെളിച്ചമില്ലാത്ത ഇരുട്ടുമുറിയില്‍ അടച്ചിട്ടു. ഇപ്പോള്‍ സാമൂഹികക്ഷേമ വകുപ്പിന്റെ ഇടപെടലിലൂടെയാണ് അവള്‍ പുറംലോകത്തെത്തിയത്. എന്നാല്‍ അപ്പോഴേക്കും അവള്‍ക്ക് കാഴ്ചയും ഓര്‍മ്മയും ആരോഗ്യവും വലിയ തോതില്‍ നഷ്ടമായിരുന്നു. 2000ലാണ് അന്ന് എല്‍.കെ.ജി വിദ്യാര്‍ഥിയായിരുന്ന ലിസ സ്‌കൂളിലേക്ക് പോകുംവഴി ഒരാള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. സംഭവം കുട്ടിയുടെ മനസ്സില്‍ അതീവ ഭയം സൃഷ്ടിക്കുകയും അവള്‍ വീട്ടില്‍ തിരിച്ചെത്തിയതിനു പിന്നാലെ ഒരു മുറിയില്‍ ഒളിച്ചിരിക്കുകയും ചെയ്തു. പുറത്തിറങ്ങിയാല്‍ അയാള്‍ വീണ്ടും കൊല്ലുമെന്ന് അവള്‍ ഉറച്ചു വിശ്വസിച്ചു.

കുഞ്ഞുന്നാളില്‍ അമ്മയെ നഷ്ടപ്പെട്ട ലിസയ്ക്ക് അച്ഛനായിരുന്നു ഏക ആശ്രയം. എന്നാല്‍ മകളെ ധൈര്യം പകരാന്‍ ശ്രമിക്കുന്നതിന് പകരം, അവളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അവളെ പൂര്‍ണമായും ഇരുട്ടുള്ള ഒരു മുറിയില്‍ അടച്ചിടുകയെന്ന തീരുമാനമാണ് പിതാവ് എടുത്തത്. ജനാലയോ വെളിച്ചം കടക്കുന്ന ചെറിയൊരു തുളയോ ഇല്ലാത്ത ആ മുറിയായിരുന്നു പിന്നീട് അവളുടെ ലോകം. ഭക്ഷണവും വെള്ളവും നല്‍കാന്‍ മാത്രമാണ് അച്ഛന്‍ വാതില്‍ തുറന്നിരുന്നത്. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ നീണ്ട ഇരുപത് വര്‍ഷങ്ങള്‍ ലിസ ആ ഇരുട്ടുമുറിയില്‍ കഴിച്ചു. ഈ കാലയളവില്‍ അവള്‍ക്ക് ഇരു കണ്ണുകളുടെയും കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ടു. സ്വന്തം പേര് പോലും ഓര്‍ക്കാനാകാത്ത അവസ്ഥയിലേക്കാണ് അവള്‍ എത്തിയത്. നേരെ നില്‍ക്കാന്‍ പോലും കഴിയാത്ത രീതിയിലായിരുന്നു അവളുടെ ശാരീരിക അവസ്ഥ. മാനസിക വളര്‍ച്ചയും അതീവ ഗുരുതരമായി ബാധിക്കപ്പെട്ടു. ശബ്ദങ്ങള്‍ പോലും അവളെ ഭയപ്പെടുത്തുന്ന സ്ഥിതിവരെയെത്തി.

ബസ്തര്‍ സാമൂഹികക്ഷേമ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സുചിത്ര ലക്രയുടെ വാക്കുകളില്‍, അന്നുണ്ടായ സംഭവം അച്ഛനും മകളും ഇരുവരിലുമുണ്ടാക്കിയ മാനസികാഘാതം അതീവ ആഴത്തിലുള്ളതായിരുന്നു. മകള്‍ അകത്തും പിതാവ് പുറത്തുമായി, ഇരുവരും വ്യത്യസ്ത രീതിയില്‍ ശ്വാസംമുട്ടിക്കൊണ്ടിരുന്നുവെന്നാണ് അവര്‍ വ്യക്തമാക്കിയത്. മകളെ അക്രമി പിടികൂടുമെന്ന ഭയം തന്നെയാണ് അവളെ വര്‍ഷങ്ങളോളം ഇരുട്ടുമുറിയില്‍ അടച്ചിടാന്‍ കര്‍ഷകനായ പിതാവിനെ പ്രേരിപ്പിച്ചതെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സാമൂഹികക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ലിസയെ ആ മുറിയില്‍ നിന്ന് പുറത്തെടുത്തത്. എന്നാല്‍ അപ്പോഴേക്കും കാഴ്ച ഒരിക്കലും തിരികെ ലഭിക്കാനാകാത്ത വിധം നഷ്ടപ്പെട്ടിരുന്നു. ദീര്‍ഘകാലം വെളിച്ചമില്ലാതെ കഴിഞ്ഞതുതന്നെയാണ് കാഴ്ച നഷ്ടപ്പെടാന്‍ പ്രധാന കാരണമെന്നതാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. യുവതിയുടെ മാനസിക വളര്‍ച്ച വളരെ ചെറിയ ഒരു കുട്ടിയുടെ നിലയിലാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

വൈകാരികവും ബൗദ്ധികവും പെരുമാറ്റപരവുമായ വീണ്ടെടുപ്പ് സാധ്യമാണെങ്കിലും അതിനു വര്‍ഷങ്ങളോളം തുടര്‍ച്ചയായ ചികിത്സയും കൗണ്‍സലിങ്ങും ആവശ്യമായിരിക്കുമെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. ലിസയെ വിശദമായ ശാരീരിക, മാനസിക പരിശോധനയ്ക്കായി ജഗല്‍പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവില്‍ ഘരൗണ്ട ആശ്രമത്തിലാണ് അവള്‍ കഴിയുന്നത്. വീണ്ടും പുഞ്ചിരിക്കാനും മനുഷ്യസാന്നിധ്യത്തില്‍ വിശ്വസിക്കാനും ഭക്ഷണം കഴിക്കാനും സംസാരിക്കുമ്പോള്‍ പ്രതികരിക്കാനും ജീവിതത്തിലേക്ക് പതിയെ തിരിച്ചുവരാനും അവള്‍ക്ക് പരിശീലനം നല്‍കുകയാണ് അധികൃതര്‍.

ദീര്‍ഘകാല പരിചരണത്തിലൂടെയാണ് അവളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ ശ്രമിക്കുന്നത്. സംഭവത്തില്‍ സാമൂഹികക്ഷേമ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ഒരു പെണ്‍കുട്ടിയെ 20 വര്‍ഷത്തോളം പുറംലോകവുമായി ബന്ധമില്ലാതെ വെളിച്ചമില്ലാത്ത മുറിയില്‍ അടച്ചിട്ടതെന്ന് കണ്ടെത്താന്‍ ബന്ധുക്കളെയും അയല്‍വാസികളെയും ചോദ്യം ചെയ്യും. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഭരണകൂടം അറിയിച്ചു. കാരുണ്യം കൊണ്ട് സ്പര്‍ശിക്കുമ്പോള്‍ ആഴത്തിലുള്ള മുറിവുകള്‍ പോലും മൃദുവാകുമെന്ന് സാമൂഹികക്ഷേമ വകുപ്പ് വ്യക്തമാക്കി. ലിസയ്ക്ക് ഇനി ലോകം കാണാനാകില്ല. നഷ്ടപ്പെട്ട 20 വര്‍ഷങ്ങള്‍ തിരികെ കിട്ടില്ല. എന്നാല്‍ സമൂഹവും അധികാരികളും ഒപ്പമുണ്ടെങ്കില്‍ അവളുടെ നാളുകള്‍ മുമ്പത്തേതിനേക്കാള്‍ ഭേദമാവുമെന്നും അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.