ന്യൂഡല്‍ഹി: വമ്പന്‍ 4ജി ഓഫറുമായി വന്ന ജിയോ രാജ്യത്തെ ഏറ്റവും വില കുറഞ്ഞ 4ജി സ്മാര്‍ട്ട്‌ഫോണുമായി എത്തുന്നു. അടുത്ത വര്‍ഷത്തോടെ ജിയോയുടെ വില കുറഞ്ഞ 4ജി സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 1000-1500ന്റെ ഇടയിലായിരിക്കും വില. 1000 ആയിരിക്കും എന്നാണ് കമ്പനിയോടടുത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഏതായാലും കമ്പനി ഇതെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപനങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റമുള്ള ഫോണില്‍ മികച്ച ക്വാളിറ്റി ക്യാമറ, ബ്ലൂടൂത്ത്, വൈഫൈ, ലാര്‍ജ് ഡിസ്‌പ്ലെ എന്നീ ഫീച്ചറുകളും ഫോണിലുണ്ടാവും. ആയിരത്തില്‍ താഴെ വിലയുള്ള ഫോണുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണെങ്കിലും അവയ്‌ക്കൊന്നുമില്ലാത്ത പ്രത്യേകതകളുമായാണ് ജിയോയുടെ സ്മാര്‍ട്ട് ഫോണ്‍ വരുന്നത്.

2999 രൂപക്ക് നേരത്തെ റിലയന്‍സ് ഫോണ്‍ വിപണിയിലെത്തിച്ചിരുന്നു. സെപ്തംബര്‍ അഞ്ചിന് ലോഞ്ച് ചെയ്ത ജിയോയ്ക്ക് ഇപ്പോള്‍ 2.5 കോടി വരിക്കാരുണ്ട്. വരിക്കാരുടെ എണ്ണം 10 കോടിയിലെത്തിക്കുകയാണ് കമ്പനിയുടെ പുതിയ ലക്ഷ്യം.