kerala

കാലുകള്‍ മുറിച്ചുമാറ്റിയ അര്‍ഷാദിനും ഉമ്മയ്ക്കും ആശ്വാസം; യുവാവിന്റെ കുടുംബത്തിന് 5 സെന്റ് ഭൂമി നല്‍കാന്‍ കല്ലട്ര മാഹിന്‍ എം.എല്‍.എയും സാദിഖലി തങ്ങളും

By Akhila

June 13, 2026

കാസര്‍ഗോഡ്: ട്രെയിന്‍ യാത്രയ്ക്കിടയില്‍ അബദ്ധത്തില്‍ കാല്‍വഴുതി വീണ് ഇരു കാലുകളും നഷ്ടപ്പെട്ട കാസര്‍ഗോഡ് സ്വദേശിയായ യുവാവിനും കുടുംബത്തിനും താങ്ങായി പാണക്കാട് സാദിഖലി തങ്ങളും കല്ലട്ര മാഹിന്‍ എം.എല്‍.എയും. നിലവില്‍ വാടകവീട്ടില്‍ കഴിയുന്ന ഈ കുടുംബത്തിന് സ്വന്തമായി വീട് വെച്ചുനല്‍കുന്നതിനായി ചെമ്മനാട് പഞ്ചായത്തിലെ കോളിയടുക്കത്ത് തങ്ങളുടെ നിര്‍ദ്ദേശ പ്രകാരം എം.എല്‍.എ യും സഹോദരങ്ങളും ചേര്‍ന്ന് 5 സെന്റ് ഭൂമി നല്‍കും. ഈ സ്ഥലത്ത് കുടുംബത്തിനായി പുതിയ വീട് നിര്‍മ്മിച്ച് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

ചെമ്മനാട് കോളിയടുക്കം സ്വദേശിയും നിലവില്‍ സീതാംഗോളിയില്‍ താമസക്കാരനുമായ ആയിഷയുടെ മകന്‍ അര്‍ഷാദിനാണ് (24) കഴിഞ്ഞ ദിവസം മാരാരിക്കുളം സ്റ്റേഷനില്‍ വെച്ചുണ്ടായ ദാരുണമായ അപകടത്തില്‍ ഇരു കാലുകളും നഷ്ടപ്പെട്ടത്. എറണാകുളത്തെ ആശുപത്രിയിലേക്ക് പോകുന്നതിനായി ഉമ്മയോടൊപ്പം ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു അര്‍ഷാദ്. എറണാകുളം സ്റ്റേഷന്‍ പിന്നിട്ട വിവരം വൈകി മാത്രം മനസ്സിലാക്കിയ യുവാവ്, മാരാരിക്കുളം സ്റ്റേഷനില്‍ വെച്ച് പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ചലിച്ചുകൊണ്ടിരുന്ന ട്രെയിനിന്റെ അടിയിലേക്ക് വീഴുകയായിരുന്നു.

നിലവില്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അര്‍ഷാദിന്, എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വഴി മികച്ച അടിയന്തര ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. അപകടവിവരമറിഞ്ഞ ഉടന്‍ തന്നെ ആലപ്പുഴ ജില്ലാ ലീഗ് നേതൃത്വത്തെയും കുടുംബസുഹൃത്തുക്കളെയും ബന്ധപ്പെട്ട് ആശുപത്രിയില്‍ ആവശ്യമായ സഹായങ്ങള്‍ എത്തിക്കാന്‍ എം.എല്‍.എയ്ക്ക് സാധിച്ചിരുന്നു. എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകരുടെ സഹകരണത്തോടെ അര്‍ഷാദിന്റെ ഉമ്മയ്ക്ക് ആവശ്യമായ താമസസൗകര്യവും അവിടെ ഉറപ്പാക്കിയിട്ടുണ്ട്. കുടുംബത്തിന്റെ സാമ്പത്തിക പിന്നാക്കാവസ്ഥ കണക്കിലെടുത്താണ് അടിയന്തരമായി വീട് നിര്‍മ്മിച്ച് നല്‍കാന്‍ തീരുമാനിച്ചതെന്ന് കല്ലട്ര മാഹിന്‍ എം.എല്‍.എ പറഞ്ഞു. ചികിത്സയ്ക്ക് ശേഷം ഇവരെ നാട്ടിലെത്തിക്കുന്നതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ട്.

യുവാവിനെ സഹായിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് നിരവധി ബന്ധുക്കളും സുഹൃത്തുക്കളും സുമനസ്സുകളും രംഗത്തുവരുന്നുണ്ടെന്നും, എല്ലാവരുമായും ആലോചിച്ച് ആവശ്യമായ ബാക്കി സഹായങ്ങള്‍ കൂടി ഉറപ്പാക്കുമെന്നും എം.എല്‍.എ അറിയിച്ചു. ഈ പ്രതിസന്ധി ഘട്ടത്തില്‍ കുടുംബത്തിന് സ്‌നേഹ സഹായവുമായി സമൂഹം ഒപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.