തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് വിജയിക്കുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം. ഇടതു കോട്ടയായ ആലകത്തൂര്‍ രമ്യ പിടിച്ചെടുക്കുമെന്നാണ് മാധ്യമങ്ങളായ മാതൃഭൂമിയും മലയാള മനോരമയും നടത്തിയ അഭിപ്രായ സര്‍വേകളില്‍ പറയുന്നത്. പി.കെ ബിജുവാണ് ആലത്തൂരില്‍ രമ്യയുടെ എതിരാളി. മണ്ഡലം നിലനിര്‍ത്താനാണ് എല്‍.ഡി.എഫ് ശ്രമം. നേരത്തെ, തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തന്നെ രമ്യ ഹരിദാസ് ശ്രദ്ധേയമായ മുന്നേറ്റം കാഴ്ച്ചവെച്ചിരുന്നു.

ആലത്തൂരില്‍ രമ്യ ഹരിദാസ് 48 ശതമാനം വോട്ടുനേടുമെന്നാണ് മാതൃഭൂമി ന്യൂസ്ജിയോവൈഡ് ഇന്ത്യാ എക്‌സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നത്. മൂന്നാം വട്ടവും മല്‍സരിക്കാനെത്തിയ സിപിഎമ്മിലെ പി കെ ബിജു 37 ശതമാനം വോട്ടിലേക്ക് ഒതുങ്ങും. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ടി വി ബാബുവിന് 13 ശതമാനം വോട്ടു ലഭിക്കുമെന്നും സര്‍വേ പറയുന്നു.

ആലത്തൂരില്‍ രമ്യ ഹരിദാസ് അട്ടിമറി വിജയം നേടുമെന്നാണ് മനോരമ ന്യൂസിനായി കാര്‍വി ഇന്‍സൈറ്റ്‌സ് നടത്തിയ സര്‍വേ ഫലവും പ്രവചിക്കുന്നത്. തൃശൂരില്‍ ഫോട്ടോഫിനിഷെന്നാണ് മനോരമ പ്രവചിക്കുന്നത്. യുഡിഎഫിന്റെ ടി എന്‍ പ്രതാപന്‍, എല്‍ഡിഎഫിന്റെ രാജാജി മാത്യു തോമസ്, ബിജെപിയുടെ സുരേഷ് ഗോപി എന്നിവര്‍ തീപാറുന്ന പോരാട്ടമായിരുന്നു. തൃശൂരില്‍ യുഡിഎഫിന്റെ ടി എന്‍ പ്രതാപന് നേരിയ മുന്‍തൂക്കം ഉണ്ടെന്നാണ് മാതൃഭൂമി പ്രവചിക്കുന്നത്. അതേസമയം രാജാജി മാത്യു തോമസിനാണ് മനോരമ മുന്‍തൂക്കം പ്രവചിക്കുന്നത്.