Sports

കലൂര്‍ സ്റ്റേഡിയവുമായി ബന്ധപ്പെട്ട വാടക തര്‍ക്കം; ജി.സി.ഡി.എ ബ്ലാസ്റ്റേഴ്സുമായി ധാരണയായി

By Akhila

February 27, 2026

കൊച്ചി: കലൂര്‍ സ്‌റ്റേഡിയവുമായി ബന്ധപ്പെട്ട വാടക തര്‍ക്കത്തില്‍ ജി.സി.ഡി.എ അയഞ്ഞതോടെ പ്രതിസന്ധി താല്‍ക്കാലികമായി ഒഴിഞ്ഞു. ഓരോ മത്സരത്തിനും 3 ലക്ഷം രൂപ വീതം നല്‍കണമെന്ന ധാരണയിലാണ് പ്രശ്‌നം ഒത്തുതീര്‍ന്നത്. വാടക വര്‍ധനവ് അംഗീകരിക്കാനാനില്ലെന്ന നിലപാടില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഉറച്ചുനിന്നതോടെ ഒരു ലക്ഷം രൂപ മാത്രം അധികവാടക മതിയെന്ന ആവശ്യത്തിലേക്ക് ജി.സി.ഡി.എ എത്തുകയായിരുന്നു. ഇത് ബ്ലാസ്‌റ്റേഴ്‌സും അംഗീകരിച്ചു.

ബ്ലാസ്‌റ്റേഴ്‌സ് കെട്ടി വയ്‌ക്കേണ്ട ഡെപ്പോസിറ്റായ ഒരുകോടി രൂപയില്‍ നഷ്ടം കണക്കാക്കി കുറച്ച 28 ലക്ഷം ബ്ലാസ്‌റ്റേഴ്‌സ് അടുത്ത ദിവസം കെട്ടിവയ്ക്കാനും ജി.സി.ഡി.എ ചെയര്‍മാന്‍ കെ.ചന്ദ്രന്‍പിള്ളയും ബ്ലാസ്‌റ്റേഴ്‌സ് സി.ഒ.ഒ. തുഷന്‍ വസിഷ്ടും തമ്മിലുള്ള ചര്‍ച്ചയില്‍ ധാരണയായി. ഇതോടെ കൊച്ചിയിലെ ഇനിയുള്ള ഐഎസ്എല്‍ മത്സരങ്ങള്‍ സുഗമമായി നടക്കാനും വഴിയൊരുങ്ങി. നേരത്തേ പ്രതിദിന വാടക 8.4 ലക്ഷം രൂപയില്‍ നിന്ന് രണ്ട് ലക്ഷമാക്കി കുറയ്ക്കാമെന്ന വാഗ്ദാനം നല്‍കിയാണ് ഹോം ഗ്രൗണ്ട് മാറ്റം ആലോചിച്ച ബ്ലാസ്‌റ്റേഴ്‌സിനെ കൊച്ചിയില്‍ തന്നെ തുടരാന്‍ ജി.സി.ഡിഎ പ്രേരിപ്പിച്ചത്.

എന്നാല്‍ ചെയര്‍മാന്റെ തീരുമാനം ജി.സി.ഡി.എ എക്‌സിക്യുട്ടീവ് വെട്ടിയതോടെ ഐഎസ്എല്‍ മത്സരങ്ങള്‍ പ്രതിസന്ധിയിലായി. ഓരോ മത്സരത്തിനും 4.25 ലക്ഷം രൂപ വീതം നല്‍കണമെന്ന എക്‌സിക്യൂട്ടീവ് തീരുമാനം അംഗീകരിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് തയാറായില്ല. ഇതേതുടര്‍ന്ന് ആദ്യമത്സരത്തിന് മുന്നോടിയായി സ്‌റ്റേഡിയത്തിലെത്തിയ ക്ലബ്ബ് ഉടമയെയും മാധ്യമപ്രവര്‍ത്തകെയും ഉള്‍പ്പെടെ സുരക്ഷാജീവനക്കാര്‍ പുറത്താക്കിയിരുന്നു. ഈ നടപടി വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചതോടെയാണ് ജി.സി.ഡി.എ ക്ലബ്ബ് മാനേജ്‌മെന്റുമായി ഒത്തുതീര്‍പ്പിന് തയാറായത്.