അമരാവതി: പ്രണയിച്ച ഡോക്ടര്‍ മറ്റൊരു വിവാഹം കഴിച്ചതിന്റെ പകയില്‍ അദ്ദേഹത്തിന്റെ ഭാര്യയായ വനിതാ ഡോക്ടറുടെ ശരീരത്തില്‍ എച്ച്ഐവി പോസിറ്റീവ് രക്തം കുത്തിവെച്ച സംഭവത്തില്‍ നഴ്സ് ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റിലായി. ആന്ധ്രാപ്രദേശിലെ കുര്‍ണൂലിലാണ് അതിക്രൂരമായ സംഭവം. അദോനിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായ ബി. ബോയ വസുന്ധര (34), കോങ്ക ജ്യോതി (40) എന്നിവരും ഇവരുടെ ആണ്‍മക്കളുമാണ് പിടിയിലായത്. വനിതാ ഡോക്ടറുടെ ഭര്‍ത്താവ് മുമ്പ് പ്രതിയായ നഴ്സുമായി പ്രണയത്തിലായിരുന്നുവെങ്കിലും പിന്നീട് മറ്റൊരു വിവാഹം കഴിച്ചതാണ് പ്രതികാരത്തിന് കാരണമായത്.
ജനുവരി 9ന് ഉച്ചയ്ക്ക് രണ്ടരയോടെ സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്ന വനിതാ ഡോക്ടറെ വിനായക് ഘട്ടിലെ കെസി കനാലിന് സമീപം ബൈക്കിലെത്തിയ പ്രതികള്‍ ഇടിച്ചു വീഴ്ത്തി. അപകടത്തില്‍ പരിക്കേറ്റ ഡോക്ടറെ സഹായിക്കാനെന്ന വ്യാജേന അടുത്തെത്തിയ പ്രതികള്‍ ഓട്ടോറിക്ഷയിലേക്ക് കയറ്റുന്നതിനിടെ എച്ച്ഐവി ബാധിത രക്തം കുത്തിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് സംഘം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. കുര്‍ണൂല്‍ സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സിന്റെ സഹായത്തോടെ എച്ച്ഐവി ബാധിതനായ ഒരാളുടെ രക്ത സാമ്പിള്‍ ‘ഗവേഷണ ആവശ്യത്തിനെന്ന്’ പറഞ്ഞ് ശേഖരിച്ച് വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.
ആക്രമണത്തിനിടെ പ്രതികള്‍ എത്തിയ വാഹനത്തിന്റെ നമ്പര്‍ ഡോക്ടര്‍ ശ്രദ്ധിച്ചതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. വനിതാ ഡോക്ടറുടെ ഭര്‍ത്താവിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് ഈ മാസം 24നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഭാരതീയ ന്യായ് സംഹിതയുടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വനിതാ ഡോക്ടറുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.