india

സർക്കാർ ടെൻഡറുകളിൽ മുസ്‌ലിം കരാറുകാർക്ക് സംവരണം: സിദ്ധരാമയ്യ സർക്കാറിനെതിരെ എതിർപ്പുമായി ബിജെപി

By webdesk14

March 15, 2025

ബെം​ഗളൂരു: മുസ്‌ലിം കോൺട്രാക്ടർമാർക്ക് ടെൻഡറുകളിൽ 4% സംവരണം നൽകാൻ കർണാടക സർക്കാരിന്റെ തീരുമാനം. കർണാടക ട്രാൻസ്പരൻസി ഇൻ പബ്ലിക് പ്രൊക്യുർമെന്റ് (കെടിപിപി) നിയമത്തിലെ ഭേദഗതികൾക്ക് സിദ്ധരാമയ്യ മന്ത്രിസഭ ശനിയാഴ്ച അംഗീകാരം നൽകി. ഒരു കോടി രൂപ വരെയുള്ള ടെൻഡറുകളിൽ മുസ്‌ലിം കരാറുകാർക്ക് 4 ശതമാനം സംവരണം നൽകാനാണ് തീരുമാനിച്ചത്.

മാർച്ച് 7 ന് സംസ്ഥാന ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ, വിവിധ സർക്കാർ വകുപ്പുകൾ, ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് കീഴിലുള്ള എല്ലാ പൊതുമരാമത്ത് കരാറുകളുടെയും 4 ശതമാനം ഇപ്പോൾ കാറ്റഗറി-II ബിയിൽ ഉൾപ്പെട്ട സമുദായത്തിനായി സംവരണം ചെയ്യുമെന്ന് പറഞ്ഞിരുന്നു.

തീരുമാനത്തിനെതിരെ ബിജെപി രം​ഗത്തെത്തി. കോൺഗ്രസിന്റേത് പ്രീണന രാഷ്ട്രീയമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും സംസ്ഥാന മന്ത്രിസഭയുടെ തീരുമാനത്തെ രാഹുൽ ഗാന്ധി സ്വാധീനിച്ചുവെന്നും ബിജെപിയുടെ വാദം. കർണാടക സർക്കാർ മുസ്‌ലിംകള്‍ക്കുള്ള 4% സംവരണം രാഹുൽ ഗാന്ധിയുടെ പൂർണ്ണ രക്ഷാകർതൃത്വത്തോടെയാണ് പാസാക്കിയതെന്ന് ബിജെപി നേതാവ് രവിശങ്കർ പ്രസാദ് പത്രസമ്മേളനത്തിൽ പറഞ്ഞു. ഈ വിഷയം കർണാടകയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും രാജ്യവ്യാപകമായി പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. മതപരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന നീക്കമാണിതെന്ന തരത്തിലുള്ള വിദ്വേഷ പ്രചാരണമടക്കം ബിജെപി എംപി തേജസ്വി സൂര്യ ആരോപിച്ചു.